വിലയേറിയ സമ്മാനം; മാൻ ഓഫ് ദ മാച്ച് പുരസ്കാരമായി നൽകിയത് അഞ്ച് ലിറ്റർ പെട്രോൾ
text_fieldsഭോപ്പാൽ: സാധരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി കടന്ന് മുന്നേറുകയാണ്. ഇതോടൊപ്പം പാചകവാതക വിലയും ദിനംപ്രതി വർധിപ്പിച്ചതോടെ ജനങ്ങൾ പൊറുതിമുട്ടി. വിഷയം പ്രതിപക്ഷം ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയായ ബി.ജെ.പി ഇത് മുഖവിലക്കെടുക്കുന്നില്ല.
സോഷ്യൽ മിഡിയയിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്തമാണ്. വ്യത്യസ്തമായ മാർഗങ്ങളിലൂടെ വിഷയം ഉയർത്തിക്കാണിക്കുകയും പ്രതിഷേധിക്കുകയുമാണ് ജനങ്ങൾ. അത്തരത്തിൽ നിരവധി സംഭവങ്ങൾ വാർത്തയായി.
ഈ ആഴ്ച ഭോപ്പാലിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട താരത്തിന് അഞ്ച് ലിറ്റർ പെട്രോൾ സമ്മാനമായി നൽകിയ വാർത്തയാണിപ്പോൾ വൈറൽ. സിംപിളായി പറഞ്ഞാൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരമായി അഞ്ച് ലിറ്റർ പെട്രോൾ.
ഭോപ്പാലിലെ കോൺഗ്രസ് നേതാവായ മനോജ് ശുക്ലയാണ് ടൂർണമെന്‍റ് ഒരുക്കിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ കളിയിലെ താരമായി തെരഞ്ഞെടുക്കെപ്പെട്ട സലാഹുദ്ദീൻ അബ്ബാസിയാണ് അഞ്ച് ലിറ്റർ പെട്രോൾ സമ്മാനമായി ലഭിച്ച ആ ഭാഗ്യവാൻ.
തമിഴ്നാട്ടിലെ കാരൂർ ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ തിരുക്കുറലിലെ ഈരടികൾ തെറ്റില്ലാതെ ചൊല്ലുന്ന കുട്ടികൾക്ക് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി നൽകുമെന്ന ഓഫർ നൽകിയിരുന്നു. ജനുവരി 16ന് തിരുവള്ളുവർ ദിനത്തിന്‍റെ ഭാഗമായി അറവക്കുറിച്ചിയിലെ നാഗംപള്ളി ഗ്രാമത്തിലെ വള്ളുവർ ഏജൻസീസിന്‍റെ പെട്രോൾ പമ്പിലായിരുന്നു ഓഫർ.
പെട്രോൾ വില 100 രൂപ കടന്ന സമയത്ത് പമ്പിന്‍റെ മുന്നിൽ ക്രിക്കറ്റ് ബാറ്റും ഹെൽമെറ്റും മുകളിലേക്കുയർത്തി സെഞ്ച്വറി ആഘോഷിക്കുന്ന ചിത്രം ഒരാൾ സോഷ്യൽ മിഡിയയിൽ പങ്കുവെച്ചതും വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.