73 റൺസ് ജയം; ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
text_fieldsകൊൽക്കത്ത: ഈ പരമ്പര രോഹിത് ശർമയുടേതായിരുന്നു. തുടർച്ചയായ മൂന്നാം കളിയിലും മിന്നിത്തിളങ്ങിയ ഹിറ്റ്മാെൻറ കരുത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 73 റൺസിന് തകർത്ത് പരമ്പര 3-0ത്തിന് തൂത്തുവാരി. 48, 55, 56 എന്നിങ്ങനെയാണ് പരമ്പരയിലെ രോഹിതിെൻറ സ്കോർ. ആദ്യമായി മുഴുവൻ സമയ ട്വൻറി20 നായകനായ രോഹിത് ടീമിനെ മുന്നിൽനിന്ന് നയിക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത് ഏഴു വിക്കറ്റിന് 184 റൺസടിച്ച ഇന്ത്യ കിവി ഇന്നിങ്സ് 17.2 ഓവറിൽ 111ൽ അവസാനിപ്പിക്കുകയായിരുന്നു. അക്സർ പട്ടേൽ മൂന്നും ഹർഷൽ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. മാർട്ടിൻ ഗപ്റ്റിൽ (51) മാത്രമാണ് കിവി നിരയിൽ പിടിച്ചുനിന്നത്.
തുടർച്ചയായ മൂന്നാം കളിയിലും ടോസ് നേടിയ രോഹിത് പരമ്പരയിലാദ്യമായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 31 പന്തിൽ മൂന്നു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 56 റൺസടിച്ച രോഹിതും വിശ്രമം നൽകിയ ലോകേഷ് രാഹുലിനു പകരം അവസരം ലഭിച്ച ഇഷാൻ കിഷനും (21 പന്തിൽ 29) ഓപണിങ് വിക്കറ്റിൽ 38 പന്തിൽ 69 റൺസടിച്ചതോടെ ഇന്ത്യയുടെ തുടക്കം ഗംഭീരമായി.
പവർപ്ലേക്കു പിന്നാലെ പന്തെറിയാനെത്തിയ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ മിച്ചൽ സാൻറ്നർ ആദ്യ ഓവറിൽതന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ കുതിപ്പിന് താൽക്കാലിക ബ്രേക്കിട്ടു. കിഷനെ വിക്കറ്റിനു പിന്നിൽ ടിം സൈഫർട്ടിെൻറ ഗ്ലൗസിലെത്തിച്ച സാൻറ്നർ സൂര്യകുമാർ യാദവിനെ പൂജ്യനായും മടക്കി. തെൻറ അടുത്ത ഓവറിൽ ഋഷഭ് പന്തിെൻറ വിക്കറ്റും സാൻറ്നർ വീഴ്ത്തിയതോടെ ഇന്ത്യ ഒമ്പത് ഓവറിൽ മൂന്നിന് 83. മറുവശത്ത് മികച്ച സ്ട്രോക്കുകളിലൂടെ അർധ സെഞ്ച്വറി തികച്ച രോഹിത് പക്ഷേ വൈകാതെ വീണു.
12ാം ഓവറിൽ 103ൽ നാലാം വിക്കറ്റ് വീണെങ്കിലും രണ്ട് അയ്യർമാർ ചേർന്ന് ഇന്ത്യയെ കരകയറ്റി. ശ്രേയസ് അയ്യരും (20 പന്തിൽ 25) വെങ്കിടേഷ് അയ്യരും (15 പന്തിൽ 20) ഫോമിലായിവരവെ മൂന്നു പന്തുകളുടെ വ്യത്യാസത്തിൽ ഇരുവരും പുറത്തായി. പക്ഷേ ദീപക് ചഹാറും (8 പന്തിൽ പുറത്താവാതെ 21) ഹർഷൽ പട്ടേലും (11 പന്തിൽ 18) അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 184ലെത്തി.
സിക്സ് ഹിറ്റ്മാൻ
അന്താരാഷ്ട്ര ട്വൻറി20 മത്സരങ്ങളിൽ 150 സിക്സ് കടന്ന് രോഹിത് ശർമ. 119ാം മത്സരത്തിലാണ് രോഹിതിെൻറ നേട്ടം. 112 കളികളിൽ 165 സിക്സുമായി ന്യൂസിലൻഡിെൻറ മാർട്ടിൻ ഗപ്റ്റിൽ മാത്രമാണ് മുന്നിലുള്ളത്. ക്രിസ് ഗെയ്ലാണ് (124) മൂന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.