മഴ കളിച്ച സന്നാഹം; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ച് കിവീസ്
text_fieldsതിരുവനന്തപുരം: ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ന്യൂസിലൻഡ് ഏഴ് റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണെടുത്തത്. മഴ കാരണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 37 ഓവറിൽ 217 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, അവർ ഏഴ് റൺസകലെ വീണു.
കിവികളുയർത്തിയ വലിയ ലക്ഷ്യം പിന്തുടർന്ന ദ.ആഫ്രിക്കക്ക് വേണ്ടി വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻൺ ഡീകോക്ക് ഗംഭീര തുടക്കമാണ് നൽകിയത്. 12 ബൗണ്ടറികളും ഒരു സിക്സുമടക്കം 84 റൺസെടുത്ത താരം പുറത്താകാതെ നിന്നു. റാസി വാൻഡർ ഡസൻ ഒമ്പത് ബൗണ്ടറികളടക്കം 51 റൺസുമായി ഡീകോക്കിന് മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസനും (39) പൊരുതി നോക്കിയെങ്കിലും വിജയ റൺ നേടാൻ കഴിഞ്ഞില്ല. നായകൻ ഐഡൻ മാർക്രം 13 റൺസെടുത്ത് പുറത്തായി.
അതേസമയം, ന്യൂസിലൻഡിന് വേണ്ടി ഡിവോൺ കോൺവേയും (78) വികറ്റ് കീപ്പർ ടോം ലതാമും (51) അർധ സെഞ്ച്വറി നേടി. നായകൻ കെയ്ൻ വില്യംസൺ 37 റൺസെടുത്തു. കോൺവേയും വില്യംസണും പരിക്കേറ്റതിനെ തുടർന്ന് ബാറ്റിങ് മതിയാക്കി പോയിരുന്നു. ഗ്ലെൻ ഫിലിപ്സ് 43 റൺസെടുത്തു. ഡരിൽ മിച്ചൽ 16 പന്തുകളിൽ 25 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ലുങ്കി എൻഗിഡിയും മാർകോ ജെൻസനും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
അതേസമയം, ഡക്ക്വർത്ത് ലൂയിസ് നിയമം വിധിയെഴുതിയ മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശിനെ ഇംഗ്ലണ്ട് നാല് വിക്കറ്റിന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.