ലോകകപ്പിന് ഒരുങ്ങുന്നതിനിടെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തീപിടിത്തം
text_fieldsകൊൽക്കത്ത: ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തീപിടിത്തം. ടീമുകൾക്കായി ഒരുക്കുന്ന ഡ്രസ്സിങ് റൂമുകളിലൊന്നിലാണ് തീ പടർന്നത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് തീ കണ്ടെത്തിയത്. ഉടൻ അഗ്നിരക്ഷ സേനയെത്തി തീ അണക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ സംഘം ഒരുക്കങ്ങൾ വിലയിരുത്തി മടങ്ങി ദിവസങ്ങൾക്കകമാണ് തീപിടിത്തം.
ലീഗ് ഘട്ടത്തിൽ നവംബർ അഞ്ചിന് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരവും നവംബർ 16ന് സെമി ഫൈനലും ഉൾപ്പെടെ അഞ്ചു മത്സരങ്ങൾക്കാണ് ലോകകപ്പിൽ ഈഡൻ ഗാർഡന്‍സ് വേദിയാവുക. നേരിയ തീപിടിത്തം ലോകകപ്പ് നടത്തിപ്പിനെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. 65000 പേർക്ക് കളി കാണാൻ സൗകര്യമുള്ളതാണ് സ്റ്റേഡിയം.
ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ആറ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപന സംബന്ധിച്ച് വിവരങ്ങൾ ഐ.സി.സി പുറത്തുവിട്ടത്. ആഗസ്റ്റ് 25 ന് ആദ്യഘട്ട ടിക്കറ്റ് വിൽപന ആരംഭിക്കും. എല്ലാ ഇന്ത്യ ഇതര മത്സരങ്ങളുടെയും ഇന്ത്യ ഇതര സന്നാഹ മത്സരങ്ങളുടെയും ടിക്കറ്റാണ് 25 മുതൽ ലഭിക്കുക. ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾക്കുള്ള (തിരുവനന്തപുരം, ഗുവാഹത്തി) ടിക്കറ്റുകൾ ആഗസ്റ്റ് 30-ന് ആരംഭിക്കും. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ആഗസ്റ്റ് 31 മുതൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.