ചോർന്നൊലിക്കുന്ന മേൽക്കൂര, വെള്ളമൊപ്പിയെടുക്കാൻ സ്പോഞ്ചും പെയ്ന്റ് ബക്കറ്റും; നാണംകെടുത്തി ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിലെ കാഴ്ചകൾ
text_fieldsഅഹ്മദാബാദ്: ഐ.പി.എൽ ഫൈനലിന് വേദിയായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്ന് കഴിഞ്ഞ രണ്ട് ദിവസം കണ്ടത് നാണക്കേടിന്റെ കാഴ്ചകൾ. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് മഴവെള്ളത്തോടൊപ്പം ഒലിച്ചുപോയത്. ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മേൽക്കൂര ചോർന്നൊലിച്ച് കാണികൾക്ക് ഇരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിയപ്പോൾ കൂടുതൽ നാണക്കേടിന്റെ കാഴ്ചകളാണ് സ്റ്റേഡിയത്തിൽനിന്നുണ്ടായത്. ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ് കഴിഞ്ഞ് ചെന്നൈ ബാറ്റിങ് തുടങ്ങിയതോട മഴ വീണ്ടും വില്ലനായെത്തി. മഴ മാറിയിട്ടും പിച്ചിലെ വെള്ളം പാരയായി. പിന്നീട് കണ്ടത് വെള്ളം വറ്റിക്കാൻ സ്പോഞ്ചും പെയിന്റ് ബക്കറ്റുമായി ജോലിക്കാർ ക്രീസിലിറങ്ങുന്നതാണ്. ക്രീസ് ഉണക്കാൻ ഹെയർ ഡ്രയറും. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന്റെ കൈയിൽ മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഒന്നുമില്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു ഇന്നലത്തെ ഗ്രൗണ്ടിലെ കാഴ്ചകൾ.
ബി.സി.സി.ഐയുടെ പകുതി പോലും വരുമാനമില്ലാത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിച്ചും ഔട്ട് ഫീൽഡുമെല്ലാം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ ബി.സി.സി.ഐയെ പരിഹസിച്ചു. നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ കുത്തിപ്പൊക്കി.
"1,32,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഡ്രൈനേജ് സംവിധാനമാണുള്ളത്. മഴ മൂലം കളി നഷ്ടപ്പെടില്ല, മഴ മാറി 30 മിനിറ്റികം കളി പുനരാരംഭിക്കാനാവും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ വരെ സംവിധാനിക്കാൻ കഴിയും", എന്നിങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.