‘500നും 501നും ഇടയിൽ പലതും സംഭവിച്ചു, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ 48 മണിക്കൂർ’; വൈകാരിക കുറിപ്പുമായി അശ്വിന്റെ ഭാര്യ
text_fieldsചെന്നൈ: രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വീട്ടിലേക്കുള്ള പെട്ടെന്നുള്ള മടക്കം ഏറെ ചർച്ചയായിരുന്നു. രണ്ടാംദിനം പൂർത്തിയാക്കിയ ശേഷം കുടുംബ സംബന്ധമായ അത്യാവശ്യത്തിനായി പോയെന്ന് വിശദീകരണമുണ്ടായെങ്കിലും എന്താണ് യഥാർഥ കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, മാതാവിന്റെ അസുഖം കാരണമാണ് താരം മടങ്ങിയതെന്നാണ് ബി.സി.സി.ഐ അധികൃതർ നൽകിയ സൂചന. അശ്വിന്റെ മാതാവിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എക്സിൽ പോസ്റ്റിട്ടിരുന്നു. പിന്നീട് ബി.സി.സി.ഐ ഒരുക്കിയ പ്രത്യേക വിമാനത്തിൽ നാലാം ദിനത്തിന് മുമ്പ് തിരിച്ചെത്തുകയും ടീമിനൊപ്പം ചേരുകയും ചെയ്ത താരം നിർണായക വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൊയ്തതിന് പിന്നാലെയായിരുന്നു അശ്വിന്റെ മടക്കം. ഇംഗ്ലണ്ട് ഓപണർ സാക് ക്രോളിയെ പുറത്താക്കിയാണ് ഈ നേട്ടത്തിലെത്തിയത്. 500 വിക്കറ്റ് തികക്കുന്ന അതിവേഗ ഇന്ത്യൻ താരമായി ഇതോടെ അശ്വിൻ മാറി. 98ാം ടെസ്റ്റിലായിരുന്നു ഈ നേട്ടം. 105 ടെസ്റ്റിൽനിന്ന് 500 വിക്കറ്റ് ക്ലബിലെത്തിയ അനിൽ കുംെബ്ലയെയാണ് മറികടന്നത്. വിശാഖപട്ടണത്ത് ഒന്നാം ടെസ്റ്റിൽതന്നെ താരം സ്വപ്നനേട്ടത്തിലേക്ക് പന്തെറിഞ്ഞുകയറുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് രാജ്കോട്ടിലേക്ക് നീണ്ടു. അതാണ് ഇംഗ്ലീഷ് ഓപണറെ മടക്കി പൂർത്തിയാക്കിയത്. ലോക ക്രിക്കറ്റിൽ 500 വിക്കറ്റ് പിന്നിടുന്ന ഒമ്പതാമനാണ് അശ്വിൻ. താരത്തിന്റെ കുടുംബത്തോടും കളിയോടുമുള്ള സമർപ്പണം നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവരുടെ പ്രശംസക്കിടയാക്കിയിരുന്നു.
500 വിക്കറ്റിനായുള്ള കാത്തിരിപ്പും ടെസ്റ്റ് മത്സരത്തിനിടെ താരത്തിന്റെ അപ്രതീക്ഷിത മടക്കവുമെല്ലാം എങ്ങനെയാണ് തങ്ങളെ ബാധിച്ചതെന്ന് ഇൻസ്റ്റഗ്രാമിലെ വൈകാരിക കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് അശ്വിന്റെ ഭാര്യ പ്രീതി നാരായണൻ. ആദ്യ ടെസ്റ്റിലോ രണ്ടാമത്തേതിലോ 500 വിക്കറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും 500 തികച്ചപ്പോൾ ആഘോഷിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ലെന്നും സൂചന നൽകുന്ന കുറിപ്പിൽ 500നും 501നും ഇടയിൽ പലതും സംഭവിച്ചെന്നും പറയുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ 48 മണിക്കൂറായിരുന്നു അതെന്നും പ്രീതി വെളിപ്പെടുത്തുന്നു.
‘ഞങ്ങൾ ഹൈദരാബാദിൽ 500 പ്രതീക്ഷിച്ചു. എന്നാൽ, അത് സംഭവിച്ചില്ല. വിശാഖപട്ടണത്തും അത് നടന്നില്ല. അങ്ങനെ വാങ്ങിയ പലഹാരം 499 വിക്കറ്റായപ്പോൾ വീട്ടിൽ എല്ലാവർക്കും കൊടുത്തു. 500 ഒന്നുമില്ലാതെ കടന്നുപോയി. 500നും 501നും ഇടയിൽ പലതും സംഭവിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ 48 മണിക്കൂർ. 500 വിക്കറ്റെന്നത് എന്തൊരു അദ്ഭുതകരമായ നേട്ടമാണ്. അശ്വിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ -പ്രീതി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.