കേരള ക്രിക്കറ്റിന് പുതിയ താരോദയം: അരങ്ങേറ്റത്തിൽ തന്നെ വിജയം സമ്മാനിച്ച് അബ്ദുൽ ബാസിത്
text_fieldsമരട്: കേരള ക്രിക്കറ്റ് ടീമില്‍ പുതിയ താരോദയമായി നെട്ടൂരുകാരൻ അബ്ദുൽ ബാസിത്. പഞ്ചാബിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഹരിയാനക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത് ബാസിത്തിന്‍റെ 15 ബോളില്‍ 27 റണ്‍സാണ്. ബാസിതാണ് ടോപ് സ്‌കോറര്‍.
കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയില്‍ പതറിയ ഘട്ടത്തിലാണ് അരങ്ങേറ്റ മത്സരത്തിൽ എട്ടാമനായി ബാസിത് ക്രീസിലെത്തിയത്. ഹരിയാന നേടിയ 132 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.ബോളിങ്ങിലും മികവ് പുലര്‍ത്തി. എറിഞ്ഞ ആദ്യപന്തില്‍ തന്നെ വിക്കറ്റെടുത്തായിരുന്നു തുടക്കം.
കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ നെട്ടൂര്‍ പാപ്പനയില്‍ അബ്ദുല്‍ റഷീദിന്‍റെയും സല്‍മത്തിന്‍റെയും മകനാണ് ബാസിത്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിലാണ് പരിശീലനം. താരത്തെ വാർത്തെടുക്കുന്നതിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിലെ കോച്ച് ഉമേഷിന്‍റെ പങ്ക് വലുതാണ്.
'കളിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്‍റെ അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാനാകാത്തതാണ്. മാച്ച് കഴിഞ്ഞ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടുത്തു വന്ന് അഭിനന്ദിച്ചു. ഇനി നാല് മത്സരംകൂടി കഴിയാനുണ്ട്. കേരള ടീം ക്വാര്‍ട്ടറില്‍ എത്തണമെന്നാണ് ആഗ്രഹം. ഇത്തവണ കപ്പടിക്കാനുള്ള പരിശ്രമത്തിലാണ് ടീമിലെ സഹപ്രവര്‍ത്തകര്‍ മുഴുവന്‍, ഇത്തവണ ഞങ്ങള്‍ അത് നേടിയെടുക്കും' - ബാസിത് 'മാധ്യമ'ത്തോടു പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജില്‍ എം.എ ഹിന്ദി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ബാസിത്. മഹാരാജാസ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.