'രോഹിത് ശർമയുടെ തലത്തിലുള്ള ബാറ്ററാണവൻ'; സഞ്ജുവിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ കളിമികവിനോട് കിടപിടിക്കുന്ന മിടുക്കുള്ള ബാറ്റ്സ്മാനാണ് മലയാളിതാരം സഞ്ജു സാംസൺ എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മലാഹൈഡിൽ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ 42 പന്തിൽ 77 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിങ്സ് ഇതിന് തെളിവായി ചോപ്ര ചൂണ്ടിക്കാട്ടി. ഒരിക്കലും വൃത്തികെട്ട രീതിയിൽ കളിക്കുന്ന താരമല്ല സഞ്ജുവെന്നും ചോപ്ര വിലയിരുത്തി.
'മത്സരത്തിൽ ഉജ്ജ്വലമായാണ് സഞ്ജു ബാറ്റ് ചെയ്തത്. തുടക്കം മികച്ചതായിരുന്നു. മധ്യ ഓവറുകളിൽ ചെറുതായൊന്ന് വേഗം കുറച്ചു. ശേഷം വേഗംകൂട്ടുകയും ചെയ്തു. ബാറ്റ് ചെയ്യുകയാണെങ്കിൽ വളരെ മികച്ച രീതിയിലായിരിക്കും അദ്ദേഹത്തിന്റെ കേളീശൈലി. ഒരിക്കലും വൃത്തികെട്ട രീതിയിൽ സഞ്ജു ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രോഹിത് ശർമയുടെ ഗണത്തിൽവരുന്ന താരമാണവൻ. ചേതോഹരമാണ് ആ ബാറ്റിങ് സ്റ്റൈൽ. ഒഴുക്കോടെ റൺസ് സ്‌കോർ ചെയ്യാനും കളി മികച്ച രീതിയിൽ നിയന്ത്രിക്കാനും കഴിയും' - തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ ആകാശ് ചോപ്ര പറഞ്ഞു.
ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരക്കാരനായാണ് സഞ്ജു അയർലൻഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയത്. ഇഷൻ കിഷനൊപ്പം ഓപണിങ്ങിനിറങ്ങിയ മലയാളി താരം രാജ്യാന്തര കരിയറിലെ കന്നി അർധശതകം കുറിച്ചു. സെഞ്ച്വറി നേടിയ ദീപക് ഹൂഡക്കൊപ്പം ചേർന്ന് 87 പന്തിൽ 176 റൺസ് കൂട്ടുകെട്ടുയർത്തി. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. മത്സരത്തിൽ ഇന്ത്യ നാലു റൺസിന് ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.