ശുഐബ് മാലികിന് അപൂർവ റെക്കോഡ്; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ
text_fieldsധാക്ക: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി പിരിയുകയും പാകിസ്താൻ നടി സന ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്ത് ഈയിടെ വാർത്തകളിൽ ഇടംപിടിച്ച പാകിസ്താൻ ആൾറൗണ്ടർ ശുഐബ് മാലികിനെ തേടിയെത്തി അപൂർവ റെക്കോഡ്. ട്വന്റി 20 ക്രിക്കറ്റിൽ 13,000 റൺസ് പിന്നിടുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടമാണ് മാലിക് സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിൽ മാത്രമാണ് മാലികിന് മുന്നിലുള്ളത്. 14,562 റൺസാണ് ഗെയിലിന്റെ സമ്പാദ്യം. മാലിക് 13,015 റൺസാണ് ഇതുവരെ നേടിയത്.
ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബി.പി.എൽ) ഫോർച്യൂൺ ബാരിഷലും രംഗ്പൂർ റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലാണ് മാലിക് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഒരു വിക്കറ്റും നേടി താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്കും വഹിച്ചു.
പാകിസ്താൻ കണ്ട മികച്ച ആൾറൗണ്ടർമാരിൽ ഒരാളായ മാലിക് ടെസ്റ്റ്, ഏകദിന മത്സരങ്ങൾ നേരത്തെ മതിയാക്കിയിരുന്നു. ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 41കാരൻ.
കഴിഞ്ഞ ദിവസമാണ് ശുഐബ് മാലിക് പാകിസ്താനിലെ പ്രശസ്ത നടി സന ജാവേദുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ 2010ൽ വിവാഹം ചെയ്ത മാലിക് അവരുമായി വേർപിരിഞ്ഞതായ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സാനിയയാണ് വിവാഹ മോചനത്തിന് മുൻകൈയെടുത്തതെന്ന ബന്ധുക്കളുടെ വിശദീകരണവും ഇതിനിടെ വന്നു. മാലിക്-സാനിയ ബന്ധത്തിൽ അഞ്ചു വയസ്സുള്ള ഇസാൻ എന്ന മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.