‘സഞ്ജുവുമായി മത്സരിക്കേണ്ട..., ഈ ഐ.പിഎല്ലാണ് അതിനുള്ള അവസരം’; സൂപ്പർതാരത്തിന് ട്വന്‍റി20 ടീമിലേക്ക് മടങ്ങിയെത്താനുള്ള വഴിപറഞ്ഞ് ചോപ്ര
text_fieldsമുംബൈ: ഇന്ത്യൻ ട്വന്‍റി20 സ്ക്വാഡിലേക്ക് മടങ്ങിയെത്താൻ കണ്ണുനട്ടിരിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്, ഐ.പി.എൽ 2025 സീസൺ വലിയ അവസരമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ലഖ്നോ സൂപ്പർ ജയന്‍റ്സിന്‍റെ നായകൻ കൂടിയായ പന്തിന് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനം വീണ്ടെടുക്കാനാകും. അതിനായി സഞ്ജു സാംസണിനോട് മത്സരിക്കേണ്ടതില്ല, ഓപ്പണിങ് ഒഴിവാക്കി മധ്യനിരയിൽ കളിച്ച് മികവ് തെളിയിച്ചാൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം ചികിത്സയിലും വിശ്രമത്തിലുമായിരുന്ന താരം ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ട്വന്‍റി20 സ്ക്വാഡിൽ ഇടംലഭിച്ചിരുന്നില്ല. തകർപ്പൻ ഫോമിലുള്ള
മലയാളി താരം സഞ്ജുവിനെയാണ് നിലവിൽ ഒന്നാം വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ ട്വന്‍റി20 സ്ക്വാഡിലേക്ക് പരിഗണിക്കുന്നത്. വരുന്ന ഐ.പി.എൽ സീസണിലെ പ്രകടനമാകും പന്തിന്‍റെ ട്വന്‍റി20 ടീമിലേക്കുള്ള തിരിച്ചുവരവിൽ നിർണായകമാകുകയെന്ന് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ‘പന്തിന് ഇതൊരു വലിയ അവസരമാണ്. ഇത് പറയാൻ കാരണം, അദ്ദേഹം നിലവിൽ ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെ ഭാഗമല്ല. അവരുടെ വിദൂര പദ്ധതികളിൽപ്പോലും നിലവിൽ പന്തുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ പോലൊരു മികച്ചൊരു താരം എന്തുകൊണ്ടാണ് ട്വന്‍റി20 സ്ക്വാഡിൽ ഇടമില്ലാതെ പുറത്തിരിക്കുന്നത് എന്നത് ആരാധകരെ അദ്ഭുതപ്പെടുത്തുന്നു. അതുകൊണ്ട്, ഇത് നിങ്ങളുടെ സീസണാണ്. മികച്ച സ്കോർ കണ്ടെത്തി എല്ലാവരെയും ഞെട്ടിക്കണം’ -ചോപ്ര പറഞ്ഞു.
ട്വന്‍റി20യിൽ ഫസ്റ്റ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് സഞ്ജുവിനെയാണ്. ബാറ്റിങ് നമ്പർ തെരഞ്ഞെടുക്കുന്നതിൽ പന്ത് കൂടുതൽ ശ്രദ്ധിക്കണമെന്നും ചോപ്ര നിർദേശം നൽകി. ഏത് നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നുവെന്നത് വലിയ ചോദ്യമാണ്. സഞ്ജുവുമായി മത്സരിക്കേണ്ട കാര്യമില്ല. ടീമിൽ തന്‍റേതായ ഒരിടം കണ്ടെത്തുകയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ മൂന്നാം നമ്പറിന് മുമ്പ് ബാറ്റിങ്ങിന് ഇറങ്ങേണ്ട കാര്യമില്ല. വൺഡൗണായി ഇറങ്ങിയാൽ മികച്ച തുടക്കം ലഭിക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
ഡൽഹി ക്യാപിറ്റൽസ് ഒഴിവാക്കിയ പന്തിനെ ഇത്തവണ ഐ.പി.എൽ മെഗാ താരലേലത്തിൽ 27 കോടി രൂപക്കാണ് ലഖ്നോ സ്വന്തമാക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോഡും പന്ത് സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.