മത്സരങ്ങൾക്ക് ദൈർഘ്യമേറുന്നു...; ഏകദിനം 40 ഓവറാക്കണമെന്ന് മുൻ ആസ്ട്രേലിയൻ നായകൻ
text_fieldsട്വന്‍റി20 ഉൾപ്പെടെയുള്ള കുട്ടി ക്രിക്കറ്റിനോടാണ് ഇപ്പോൾ കാണികൾക്ക് താൽപര്യം. ഏകദിന മത്സരങ്ങൾക്ക് സ്റ്റേഡിയങ്ങൾ നിറക്കാൻ പാടുപെടുകയാണ് ക്രിക്കറ്റ് ബോർഡുകൾ.
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലും കാര്യങ്ങൾ സമാനമായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാറ്റി നിർത്തിയാൽ, ബാക്കി ടീമുകളുടെ കളികൾ കാണാൻ സ്റ്റേഡിയത്തിൽ പേരിനു മാത്രമാണ് കാണികളുണ്ടായിരുന്നത്. ഏകദിനങ്ങൾ ദൈർഘ്യമേറിയതുകൊണ്ടു തന്നെ കാണികൾക്ക് വിരസത അനുഭവപ്പെടുന്നതായി മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റ് കലണ്ടറില്‍നിന്ന് 50 ഓവര്‍ മത്സരങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന് മുന്‍ പാകിസ്താന്‍ നായകൻ വസീം അക്രം അഭിപ്രായപ്പെട്ടിരുന്നു.
ഏകദിനം കൂടുതൽ ആകർഷകമാക്കാൻ ഫോർമാറ്റിൽ മാറ്റംവരുത്തണമെന്ന് ഇതിഹാസം സചിൻ ടെണ്ടുൽക്കറും തുറന്നുപറഞ്ഞിരുന്നു. ആസ്ട്രേലിയയുടെ മുൻ നായകൻ ആരോൺ ഫിഞ്ചും ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏകദിനങ്ങൾ ദൈർഘ്യമേറിയതിനാൽ ആരാധകരെ ആകർഷിക്കാൻ ഇനി സാധ്യത കുറവാണെന്നും മത്സരങ്ങൾ 40 ഓവറാക്കി കുറക്കണമെന്നുമാണ് മുൻ താരത്തിന്‍റെ അഭിപ്രായം.
ജൂണിൽ ട്വന്റി20 ലോകകപ്പ് നടക്കാനുള്ളതിനാൽ ഈവർഷം കുറച്ച് ഏകദിന മത്സരങ്ങള്‍ മാത്രമാണ് പ്രധാന ടീമുകളെല്ലാം കളിക്കുന്നത്. ‘എന്‍റെ അഭിപ്രായത്തിൽ ഏകദിനം വളരെ ദൈർഘ്യമേറിയതാണ്. ഇംഗ്ലണ്ടിൽ അവർ പ്രോ–40 മത്സരങ്ങളുമായെത്തിയപ്പോൾ അതു വലിയ വിജയമായി. ഏകദിന മത്സരങ്ങൾ ഒരുപാടു നീളുന്നതായാണ് എനിക്കു തോന്നുന്നത്. 50 ഓവർ ക്രിക്കറ്റിൽ ഒരു മണിക്കൂറിൽ 11–12 ഓവറുകളൊക്കെയാണ് എറിയുന്നത്. ഇത് മടുപ്പിക്കുന്നു. ആരാധകരെ പരിഗണിച്ചാണു മത്സരം നടത്തേണ്ടത്’ -ഫിഞ്ച് പറഞ്ഞു.
വലിയ ടീമുകൾ ഏറ്റുമുട്ടുമ്പോൾ 50 ഓവർ മത്സരങ്ങൾ ആവേശകരമാണ്. ഏകപക്ഷീയമായ മത്സരങ്ങൾക്ക് 40 ഓവറാണ് ചേരുകയെന്നും ഫിഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.