കോഹ്‌ലിയുടെ കുടുംബത്തെ കുറിച്ച് തെറ്റായ വാർത്ത; മാപ്പ് പറഞ്ഞ് ഡിവില്ലേഴ്സ്
text_fieldsവിരാട് കോഹ്‌ലിയുടെ കുടുംബത്തെ കുറിച്ച് തെറ്റായ വാർത്ത പങ്കുവെച്ചതിന് ക്ഷമാപണം നടത്തി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എ.ബി ഡിവില്ലേഴ്സ്. വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും അവരുടെ രണ്ടാമത്തെ കുട്ടിയെ കാത്തിരിക്കുകയാണെന്ന് ഡിവില്ലേഴ്സ് തന്റെ യൂടൂബ് ചാനലിൽ വെളിപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ വിട്ടു നിന്ന വിരാട് കോഹ്‌ലിയെ കുറിച്ചാണ് ഇത്തരം വാർത്ത പങ്കുവെച്ചത്. എന്നാൽ, അത് തനിക്ക് പറ്റിയ വലിയ തെറ്റാണെന്നും ശരിയല്ലാത്ത വിവരങ്ങളാണ് താൻ പങ്കുവെച്ചതെന്നും എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും ഡിവില്ലേഴ്സ് ക്ഷമാപണം നടത്തി.
"എന്താണ് സംഭവിച്ചതെന്നും ആർക്കും അറിയില്ല, തീർച്ചയായും കുടുംബമാണ് പ്രധാനം, ഞാൻ ഒരു വലിയ തെറ്റ് ചെയ്തു, ശരിയല്ലാത്ത തെറ്റായ വിവരങ്ങൾ യുടൂബിലൂടെ പങ്കിട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല,” - എ.ബി.ഡി പറഞ്ഞു.
"എനിക്ക് ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന് ആശംസകൾ നേരുകയെന്നതാണ്. ഈ ഇടവേളയുടെ കാരണം എന്തായാലും, വിരാടിനെ പിന്തുടരുന്ന, ക്രിക്കറ്റ് ആസ്വദിക്കുന്ന ലോകം മുഴുവൻ അദ്ദേഹത്തിന് ആശംസകൾ നേരണം. അവൻ പതിൻമടങ്ങ് ശക്തിയോടെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു.”- എ.ബി.ഡിവില്ലേഴ്സ് കൂട്ടിച്ചേർത്തു.
ഐ.പി.എൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള ഡിവില്ലേഴ്സും വിരാട് കോഹ്‌ലിയും അടുത്ത സുഹൃത്തുക്കളാണ്. അത് കൊണ്ട് കോഹ്ലിയുടെ വിട്ടുനിൽക്കലിന്റെ കാരണം വെളിപ്പെടുത്തിയപ്പോൾ ആർക്കും അതിൽ അസ്വാഭാവിക തോന്നിയതുമില്ല. എന്നാൽ മൂന്നാം ടെസ്റ്റിലും വിട്ടുനിൽക്കുന്നുവെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഡിവില്ലെഴ്സിന്റെ ക്ഷമാപണം ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.