'ധോണി ചെയ്തത് പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്'; ആൻഡേഴ്ണെ പുകഴ്ത്തി എ.ബി.ഡി
text_fieldsഐ.പി.എൽ 2025നുള്ള ലേലത്തിനായി രജിസ്റ്റർ ചെയ്ത മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് ആൻഡേഴ്സണെ വാനോളം പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എ.ബി.ഡിവില്ലേഴ്സ്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്ങിസിന്‍റെ സൂപ്പർതാരവും ആയ മഹേന്ദ്ര സിങ് ധോണി നാല് കോടിക്ക് സി.എസ്.കെക്ക് വേണ്ടി കളിക്കുന്നത് പോലെയാണ് ആൻഡേഴ്സന്‍റെ ഐ.പി.എൽ രജിസ്ട്രേഷനെ കാണുന്നതെന്ന് എ.ബി.ഡി അഭിപ്രായപ്പെട്ടു.
ഈ വർഷമാദ്യമാണ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് അദ്ദേഹം. 704 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുള്ള പേസ് ബൗളറും ആൻഡേഴ്സണാണ്. ആദ്യമായാണ് 42 വയസായ ആൻഡേഴ്സൺ ഐ.പി.എൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുന്നത്. 1.25 കോടിയാണ് താരത്തിന്‍റെ ബേസ് പ്രൈസ്. ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഡിവില്ലേഴ്സ്.
'എം.എസ്. ധോണി പേ കട്ടിൽ കളിക്കാൻ തീരുമാനിച്ചത് പോലെ തന്നെയാണ് ആൻഡേഴ്സൺ ഐ.പി.എൽ കളിക്കാൻ എത്തുമ്പോൾ എനിക്ക് കിട്ടുന്നത്. അദ്ദേഹത്തിന്‍റെ സ്റ്റാറ്റസ് വെച്ച് 1.25 കോടി വളരെ കുറവാണ്. വേണമെങ്കിൽ അദ്ദേഹം ആ വിലക്ക് തന്നെ വിറ്റ് പോയേക്കാം, എന്നാൽ പോലും ഫാമിലിയെയൊക്കെ വിട്ട് മൂന്ന് മാസം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹം തയ്യാറായി. ചിലപ്പോൾ അദ്ദേഹം ഒരു മത്സരം പോലം കളിച്ചെന്ന് വരില്ല ഇന്ത്യൻ യുവ ബൗളർമാരുമായിട്ടായിരിക്കും അദ്ദേഹത്തിന് ഡ്രസിങ് റൂം പങ്കുവെക്കെണ്ടി വരുക.
എനിക്ക് ഇത് അടിപൊളിയായിട്ടാണ് തോന്നുന്നത്, ഞാൻ ഏതെങ്കിലും ഫ്രഞ്ചൈസിയുടെ ഉടമയാണെങ്കിൽ ഞാൻ ഒരു 2-3 കോടിക്ക് അദ്ദേഹത്തെ ടീമിലെത്തിക്കുമായിരുന്നു. യുവതാരങ്ങൾക്ക് നൽകുവാൻ ഒരുപാട് അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ജിമ്മിയുടെ സാന്നിധ്യം തന്നെ ബൗളിങ് യൂണിറ്റിൽ ഒരുപാട് കോൺഫിഡൻസ് കൊണ്ടുവരും. അദ്ദേഹത്തിന് ഈ കളി പൂർണമായുമറിയാം,' എ.ബി.ഡി പറഞ്ഞു.
ഇംഗ്ലണ്ടിനായി വളരെ കുറച്ച് ട്വന്‍റി-20 മത്സരങ്ങളാണ് ആൻഡേഴ്സൺ കളിച്ചിട്ടുള്ളത്. 19 മത്സരത്തിൽ നിന്നുമായി 18 ട്വന്‍റി-20 വിക്കറ്റുകൾ അദ്ദേഹം ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.