ഹിജാബണിഞ്ഞ് അബ്തഹ പന്തെറിഞ്ഞു; ഇംഗ്ലീഷ് മനസ്സ് കീഴടക്കി
text_fieldsലണ്ടൻ: സ്കോട്ലൻഡിലെ പാക് കുടിയേറ്റ കുടുംബത്തിൽനിന്നെത്തി ഇംഗ്ലീഷ് ക്രിക്കറ്റിലെ താരമാകുകയാണ് അബ്തഹ മഖ്സൂദ്. ബർമിങ്ഹാമിലെ എഡ്ബാസ്റ്റൺ മൈതാനത്ത് നടന്ന ആവേശപ്പോരാട്ടത്തിൽ ഹിജാബണിഞ്ഞ് ടീമിനായി പന്തെറിഞ്ഞാണ് 22 കാരി ഇംഗ്ലീഷ് മനസ്സ് കീഴടക്കിയത്.
ഓരോ ടീമും 100 പന്തുകൾ നേരിടുന്ന 'വിമെൻസ് ഹൺഡ്രഡ്' മത്സരത്തിൽ ബർമിങ്ഹാം ഫിനിക്സ് ജഴ്സിയിൽ അബ്തഹ രജിസ്റ്റർ ചെയ്യുന്നത് അവസാന നിമിഷം. ലണ്ടൻ സ്പിരിറ്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങുകയും ചെയ്തു. കന്നി പോരാട്ടത്തിൽ ടീമിനായി അഞ്ചു ബാൾ എറിഞ്ഞ താരം ഏഴു റൺസ് മാത്രമാണ് വിട്ടുനൽകിയത്.
ആദ്യം ബാറ്റു ചെയ്ത ഫിനിക്സ് ആറു വിക്കറ്റ് നഷ്ടത്തിൽ എടുത്ത 128 റൺസ് മറികടന്ന ലണ്ടൻ ടീം വിജയവുമായി മടങ്ങിയെങ്കിലും പുതിയ വേഷവുമായി എത്തി അതിവേഗം ടീമിന്‍റെ നിർണായക ഭാഗമായ അബ്തഹയെ പ്രശംസകൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങൾ.
തയ്കോണ്ടോയിൽ ബ്ലാക് ബെൽറ്റ് നേടിയ അബ്തഹ 2014ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പതാക വാഹകയുമായിരുന്നു. മുമ്പ് ബി.ബി.സി ഇവരുടെ അഭിമുഖവും നൽകി. കായിക രംഗത്ത് താൽപര്യമുള്ള മുസ്ലിം വനിതകൾക്ക് മാതൃകയാണ് അബ്തഹയെന്ന സമൂഹ മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു.
12ാം വയസ്സിൽ അണ്ടർ 17 ടീമിൽ ഇടംനേടിയിരുന്ന അബ്തഹ 14ാം വയസ്സിൽ സ്കോട്ലൻഡ് സീനിയർ ടീമിൽ ഇടംനേടിയതാണ്. ലെഗ് സ്പിന്നുമായി മുൻനിര വനിത താരമായി ഉയർന്ന അവർ 14 ട്വന്‍റി20 ഇന്നിങ്സുകളിൽ 19 വിക്കറ്റ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.