‘സനാതന ധർമത്തെ ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകും’; ബി.ജെ.പിക്ക് അഭിനന്ദനവുമായി വെങ്കടേഷ് പ്രസാദ്
text_fieldsബംഗളൂരു: നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും അധികാരം ഉറപ്പിച്ച ബി.ജെ.പിക്ക് അഭിനന്ദനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. സനാതന ധർമം ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡർമാർ നടത്തിയ മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും കൂട്ടിച്ചേർത്തു.
‘സനാതന ധർമം ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകും. വൻ വിജയം നേടിയ ബി.ജെ.പിക്ക് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡർമാർ നടത്തിയ മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണിത്’ -പ്രസാദ് കുറിച്ചു.
കോൺഗ്രസ് സഖ്യകക്ഷിയായ ഡി.എം.കെയുടെ യുവനേതാവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനാണ് സനാതന ധർമ വിവാദത്തിന് തുടക്കം കുറിച്ചത്. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയുമായി താരതമ്യം ചെയ്ത അദ്ദേഹം അത് തുടച്ചുനീക്കണമെന്നും പറഞ്ഞിരുന്നു. പരാമർശം ബി.ജെ.പിയും മറ്റു സംഘ്പരിവാർ കക്ഷികളും ആയുധമാക്കി. ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ വംശഹത്യക്കാണ് ആഹ്വാനം ചെയ്തതെന്ന പ്രസ്താവനയുമായി ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ഇതിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമം സംബന്ധിച്ച പരാമർശത്തിന് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.
പരാമർശം വിവാദമായതോടെ ഉദയനിധി വിശദീകരണവുമായി രംഗത്തെത്തി. ‘സനാതന ധർമം പിന്തുടരുന്നവരെ കൂട്ടക്കൊല ചെയ്യാൻ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന തത്വമാണ് സനാതന ധർമം. സനാതന ധർമത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും സമത്വവും ഉയർത്തിക്കാട്ടലാണ്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നു. സനാതന ധർമത്താൽ അടിച്ചമർത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ആളായാണ് ഞാൻ സംസാരിച്ചത്.’ -എന്നിങ്ങനെയായിരുന്നു പ്രതികരണം.
അതേസമയം, കോൺഗ്രസ്, വിവാദത്തിൽനിന്ന് വിട്ടുനിൽക്കാനാണ് ശ്രമിച്ചത്. പാർട്ടി ‘സർവധർമ സംഭവ’ത്തിൽ (എല്ലാ മതങ്ങളോടും തുല്യ ബഹുമാനം) വിശ്വസിക്കുന്നതായാണ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.