ഐ.പി.എല്ലിൽ ഇത്തവണ ബംഗളൂരു അവസാന സ്ഥാനക്കാരാകും; കാരണം വെളിപ്പെടുത്തി മുൻ ഓസീസ് ഇതിഹാസം
text_fieldsമുംബൈ: ഐ.പി.എല്ലിന്‍റെ 18ാം സീസണ് ശനിയാഴ്ച തിരിതെളിയും. മെഗാ താരലേലത്തിനു പിന്നാലെ വലിയ മാറ്റങ്ങളോടെയാണ് പത്തു ടീമുകളും കളത്തിലിറങ്ങുന്നത്.
അതുകൊണ്ടു തന്നെ ഇത്തവണ കിരീടം ആര് കൊണ്ടുപോകുമെന്ന പ്രവചനവും അസാധ്യമാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർ.സി.ബി) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെ.കെ.ആറും) തമ്മിലാണ് ഉദ്ഘാടന മത്സരം. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ആർ.സി.ബിക്ക് ഒരു ഐ.പി.എൽ കിരീടം എന്നത് ഇന്നും സ്വപ്നമായി തുടരുകയാണ്. ഇത്തവണയെങ്കിലും പിടിതരാതെ വഴുതിപോകുന്ന കിരീടം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർ.സി.ബി. സൂപ്പർതാരം വിരാട് കോഹ്ലി തന്നെയാണ് ടീമിന്‍റെ ശ്രദ്ധാകേന്ദ്രം. എന്നാൽ, ആദ്യ മത്സരം കളിക്കുന്നതിനു മുമ്പേ തന്നെ ടീമിന്‍റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രതികരണമാണ് ആസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് നടത്തിയിരിക്കുന്നത്.
ഐ.പി.എൽ 2025ൽ ആർ.സി.ബി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നാണ് താരം പറയുന്നത്. തന്‍റെ വാക്കുകളെ പിന്തുണക്കുന്ന കാരണവും താരം തന്നെ പറയുന്നുണ്ടെന്നാണ് ഏറെ രസകരം. ‘ആർ.സി.ബി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്, സ്ക്വാഡിൽ നിരവധി ഇംഗ്ലീഷ് താരങ്ങൾ കളിക്കുന്നുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തിനാണ് ഇക്കാര്യം പറയുന്നത്’ -ഗിൽക്രിസ്റ്റ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണൊപ്പമാണ് ഓസീസ് താരം അഭിമുഖത്തിൽ പങ്കെടുത്തത്. ‘വിരാടിനെതിരെയോ, അവരുടെ ആരാധകർക്കെതിരെയോ അല്ല സംസാരിക്കുന്നത്. ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു, പക്ഷേ നിങ്ങളുടെ റിക്രൂട്ടിങ് ഏജന്‍റുമാരോട് ഈക്കാര്യം സംസാരിക്കണം’ -ഓസീസ് താരം കൂട്ടിച്ചേർത്തു.
2009 ഐ.പി.എൽ ഫൈനലിൽ ആർ.സി.ബിയെ തോൽപിച്ച ഡെക്കാൻ ചാർഞ്ചേഴ്സിന്‍റെ ക്യാപ്റ്റൻ ഗിൽക്രിസ്റ്റായിരുന്നു. ഇത്തവണ മെഗാ ലേലത്തിൽ ഇംഗ്ലീഷ് താരങ്ങൾക്കായി വലിയ തുകയാണ് ആർ.സി.ബി മുടക്കിയത്. മൂന്ന് ഇംഗ്ലീഷ് താരങ്ങളാണ് സ്ക്വഡിലുള്ളത്. മൂവരും പ്ലെയിങ് ഇലവനിലുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ ഫിൽ സാൾട്ടിനെ ഇത്തവണ 11.5 കോടി രൂപക്കാണ് ആർ.സി.ബി ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായിരുന്നു. കൂടാതെ, ലിയാം ലിവിങ്സ്റ്റണിനെ 8.75 കോടി രൂപക്കും ജേക്കബ് ബെത്തെലിനെ 2.6 കോടി രൂപക്കുമാണ് ആർ.സി.ബി ടീമിലെത്തിച്ചത്. അതേസമയം, ഡൽഹി കാപിറ്റൽസ് ഇത്തവണ അവസാന സ്ഥാനത്ത് എത്തുമെന്നാണ് മൈക്കൽ വോൺ പ്രവചിച്ചത്. മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാകുമെന്നും താരം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.