സഞ്ജു, പന്ത്, കിഷൻ: ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുത്ത് ഗിൽക്രിസ്റ്റ്
text_fieldsമുംബൈ: ട്വന്‍റി20 ലോകകപ്പിലേക്ക് ഇനി ഒന്നര മാസത്തെ ദൂരം മാത്രമാണുള്ളത്. ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കും. ആരൊക്കെ ടീമിലിടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
വിക്കറ്റ് കീപ്പറായി ആരൊക്കെ ടീമിലെത്തുമെന്നതിലും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഐ.പി.എല്ലിലെ താരങ്ങളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ടീമിനെ പ്രഖ്യാപിക്കുക. 15 അംഗ ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുൽ ഇടംനേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രണ്ടാം വിക്കറ്റ് കീപ്പറായി ആരാകും ടീമിലെത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രധാനമായും മൂന്നു താരങ്ങളാണ് മത്സരരംഗത്തുള്ളത്. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ.
ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ജിതേഷ് ശര്‍മക്ക് ഇതുവരെ ഐ.പി.എല്ലിൽ തിളങ്ങാനായിട്ടില്ല. എന്നാൽ, ഇന്ത്യയുടെ ട്വന്‍റി20 സ്ക്വാഡ് തെരഞ്ഞെടുക്കുമ്പോൾ സെലക്ടർമാർക്ക് മുന്നിൽ വ്യക്തമായ ചോയ്സുണ്ടെന്നാണ് മുൻ ആസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റ് വിശ്വസിക്കുന്നത്. ഋഷഭ് പന്താണ് ആ താരം. ‘പന്ത് തീർച്ചയായും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണെയും പരിഗണിക്കാവുന്നതാണ്. ഇഷാന്‍ കിഷനും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. അതിലൊന്നും സംശയമില്ല. പക്ഷെ, പന്ത് തന്നെ ലോകകപ്പില്‍ കളിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അവന്‍റെ പേര് ഉറപ്പിച്ചിട്ടില്ലെങ്കില്‍ സെലക്ടര്‍മാര്‍ അക്കാര്യം ഉറപ്പിക്കുന്നത് നന്നായിരിക്കും‘ -ഗില്‍ക്രിസ്റ്റ് ക്രിക് ബസിനോട് പറഞ്ഞു.
2022ലെ കാർ അപകടത്തിനുശേഷം പന്ത് ആദ്യമായി കളിക്കുന്ന ടൂർണമെന്‍റാണ് ഐ.പി.എൽ. ആറ് മത്സരങ്ങളില്‍ 194 റണ്‍സുമായി റൺവേട്ടയിൽ ആറാം സ്ഥാനത്താണ് താരം. 157.72 എന്ന മികച്ച സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. അഞ്ച് മത്സരങ്ങളില്‍ 246 റണ്‍സടിച്ച സഞ്ജു റണ്‍വേട്ടയില്‍ നാലാമതുണ്ട്. സഞ്ജുവിനും 157.69 സ്ട്രൈക്ക് റേറ്റുണ്ട്. ഇഷാന്‍ കിഷനാകട്ടെ അഞ്ച് മത്സരങ്ങളില്‍ 161 റണ്‍സുമായി പതിനേഴാം സ്ഥാനത്താണെങ്കിലും സ്ട്രൈക്ക് റേറ്റ് 182.95 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.