പ്രോട്ടീസിനെ എറിഞ്ഞിട്ട് അഫ്ഗാനിസ്താൻ, 106ന് പുറത്ത്; ഏകദിനത്തിൽ ചരിത്ര വിജയം
text_fieldsഷാർജ: കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അഫ്ഗാനിസ്താൻ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പ്രോട്ടീസിനെ അഫ്ഗാൻ ബൗളർമാർ 106 റൺസിൽ ഒതുക്കി. നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം ഭേദിച്ച അഫ്ഗാൻ, ദക്ഷിണാഫ്രിക്കക്കെതിരെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഏഴ് ഓവറിൽ 35 റൺസ് വിട്ടുനൽകി നാല് വിക്കറ്റ് പിഴുത ഫസൽഹഖ് ഫാറൂഖിയാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ അഫ്ഗാൻ 1-0ന് മുന്നിലെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക -33.3 ഓവറിൽ 106ന് പുറത്ത്, അഫ്ഗാനിസ്താൻ -26 ഓവറിൽ നാലിന് 107.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. 25 റൺസ് കണ്ടെത്തുന്നതിനിടെ ഓപണർമാരെയും നായകനെയും ഫാറൂഖി കൂടാരം കയറ്റി. അടുത്ത മൂന്ന് വിക്കറ്റുകൾ അല്ലാ ഘസൻഫർ സ്വന്തമാക്കി. അർധ സെഞ്ചറിയുമായി പൊരുതിയ വിയാൻ മുൾഡറെ (52) ഫാറൂഖി ക്ലീൻ ബോൾഡാക്കി. പെഹ്ലുക്വായോ റണ്ണൗട്ടായപ്പോൾ, ശേഷിച്ച രണ്ട് വിക്കറ്റുകൾ റാഷിദ് ഖാൻ പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. സ്കോർ ബോർഡ് തുറക്കും മുമ്പ് ഓപണർ റഹ്മത്തുല്ല ഗുർബാസിനെ ലുംഗി എൻഗിഡി ജേസൺ സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. എട്ടാം ഓവറിൽ റഹ്മത് ഷായും (8) വൈകാതെ റിയാസ് ഹസനും (16) പുറത്തായി. സ്കോർ 60ൽ നിൽക്കേ ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹീദിയും (16) വീണു. എന്നാൽ പിന്നീടൊന്നിച്ച അസ്മത്തുല്ല ഒമർസായ് (25*), ഗുൽബദിൻ നയിബ് (34*) എന്നിവർ ചേർന്ന് അഫ്ഗാനെ ചരിത്ര വിജയത്തിലേക്ക് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.