ലോകകപ്പിലെ വിജയം അഭയാർഥികൾക്ക് സമർപ്പിച്ച് അഫ്ഗാൻ ക്യാപ്റ്റൻ
text_fieldsലഖ്നോ: ലോകകപ്പിൽ നെതർലാൻഡ്സിനെതിരായ വിജയം അഭർയാർഥികളായി കഴിയുന്ന സ്വന്തം നാട്ടുകാർക്ക് സമർപ്പിച്ച് അഫ്ഗാനിസ്താൻ ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി. പാകിസ്താനിൽ കഴിയുന്ന 17 ലക്ഷം അഫ്ഗാൻ അഭയാർഥികൾ രാജ്യം വിട്ടില്ലെങ്കിൽ അറസ്റ്റോ നാടുകടത്തലോ നേരിടേണ്ടി വരുമെന്ന് അന്ത്യശാസനം നൽകിയതോടെ ഒരു മാസത്തിനുള്ളിൽ 1,65,000 അഫ്ഗാനികൾ പാകിസ്താനിൽനിന്ന് പലായനം ചെയ്തിരുന്നു.
‘നിരവധി അഭയാർഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. വിഡിയോകൾ കാണുന്നുണ്ട്, അവരെയോർത്ത് ഞങ്ങൾക്ക് സങ്കടമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ അവർക്കൊപ്പം നിൽക്കുന്നു. ഈ വിജയം വേദനയിൽ കഴിയുന്ന അവർക്കും നാട്ടിലേക്ക് മടങ്ങുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’, ഹഷ്മതുല്ല ഷാഹിദി പറഞ്ഞു. ഞങ്ങൾ സെമിഫൈനൽ സ്വപ്നം കാണുകയാണെന്നും അതിനായി പരമാവധി പരിശ്രമിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, സെമിയിലെത്തിയാൽ അത് വ്യക്തിപരമായും രാജ്യത്തിനും വലിയ നേട്ടമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ലോകകപ്പിൽ നാലാം ജയമാണ് അഫ്ഗാൻ നെതർലാൻഡ്സിനെതിരെ നേടിയത്. 111 പന്തുകൾ ശേഷിക്കെയാണ് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. മുൻ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയുമെല്ലാം തകർത്താണ് അഫ്ഗാന്റെ സ്വപ്നക്കുതിപ്പ്. ഇനി നേരിടാനുള്ളത് തകർപ്പൻ ഫോമിലുള്ള ദക്ഷിണാഫ്രിക്കയെയും അഞ്ചു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.