അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു; അനുശോചനവുമായി ക്രിക്കറ്റ് താരങ്ങൾ
text_fieldsഅഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ മരണപ്പെട്ടു. സഹതാരവും സുഹൃത്തുമായ കരീം ജനത് ആണ് ദുഖകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിയുടെ ചിത്രം സഹിതം വാർത്ത പങ്കുവെച്ച കരീം ജനത് മരണകാരണം പറഞ്ഞിട്ടില്ല. കരിം ജനത്തിന്റെ പോസ്റ്റിന് താഴെ ക്രിക്കറ്റ് ലോകം അനുശോചനം രേഖപ്പെടുത്തി.
"എന്റെ സഹോദര തുല്യനായ പ്രിയ സുഹൃത്ത് ഹസ്രത്തുള്ള സസായിയുടെ മകളെ നഷ്ടപ്പെട്ട വാർത്ത വളരെ ദുഖത്തോടെ നിങ്ങളുമായി പങ്കുവെക്കുന്നു. ഈ അവിശ്വസനീയമാംവിധം ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടിയുള്ള ദുഃഖത്താൽ എന്റെ ഹൃദയം വേദനിക്കുന്നു. ഈ ദാരുണമായ നഷ്ടത്തിലൂടെ അവർ കടന്നുപോകുമ്പോൾ ദയവായി അവരെ നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്തുക. ഹസ്രത്തുള്ള സസായിക്കും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു" ജനത് എഴുതി.
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുത്ത അഫ്ഗാൻ ടീമിൽ ഹസ്രത്തുള്ള ഉണ്ടായിരുന്നില്ല. 2016 ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 16 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.