ചരിത്രം കുറിച്ച് അഫ്ഗാൻ; രണ്ടാം ഏകദിനത്തിൽ 177 റൺസിന്‍റെ വമ്പൻ ജയം; പ്രോട്ടീസിനെതിരെ ആദ്യ പരമ്പര
text_fieldsഷാർജ: അട്ടിമറി വീരന്മാരായ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുന്നു! ഓൾ റൗണ്ട് പ്രകടനത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ രണ്ടാം ഏകദിനത്തിൽ 177 റൺസിന് തകർത്ത അഫ്ഗാന് ഏകദിന പരമ്പര.
പ്രോട്ടീസിനെതിരെ ആദ്യമായാണ് അഫ്ഗാൻ ഒരു പരമ്പര നേടുന്നത്. ഏകദിന ക്രിക്കറ്റിൽ അഫ്ഗാന്‍റെ ഏറ്റവും വലിയ വിജയമാണ് ഷാർജയിൽ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രോട്ടീസ് ബാറ്റിങ് 34.2 ഓവറിൽ 134 റൺസിൽ അവസാനിച്ചു. ആദ്യ ഏകദിനത്തിൽ അഫ്ഗാൻ ആറു വിക്കറ്റിന്‍റെ ജയം നേടിയിരുന്നു.
റഹ്‌മാനുള്ള ഗുര്‍ബാസിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയും അസ്മത്തുല്ല ഒമർസായി, റഹ്മത്ത ഷാ എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് അഫ്ഗാനെ മൂന്നുറ് കടത്തിയത്. 110 പന്തിൽ 105 റൺസെടുത്താണ് ഗുർബാസ് പുറത്തായത്. മൂന്നു സിക്സും 10 ബൗണ്ടറിയുമടങ്ങുന്നതാണ് ഇന്നിങ്സ്. 50 പന്തിൽ 86 റൺസുമായി ഒമർസായി പുറത്താകാതെ നിന്നു. റഹ്മത്ത് ഷാ 66 പന്തിൽ 50 റൺസ് നേടി. റിയാസ് ഹസൻ (45 പന്തിൽ 29), മുഹമ്മദ് നബി (19 പന്തിൽ 13) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റാഷിദ് ഖാൻ ആറു റണ്ണുമായി പുറത്താകാതെ നിന്നു.
അഫ്ഗാന്‍റെ തകർപ്പൻ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ തകർത്തത്. ജന്മദിനത്തിൽ റാഷിദ് ഖാൻ അഞ്ചു വിക്കറ്റ് നേടി ടീമിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഒമ്പത് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരത്തിന്‍റെ വിക്കറ്റുവേട്ട. നംഗോലിയ ഖരോട്ടെ നാല് വിക്കറ്റും വീഴ്ത്തി. പ്രോട്ടീസ് നിരയിൽ നായകൻ ടെംബ ബാവുമയാണ് ടോപ് സ്കോറർ. 38 റൺസ്. മറ്റുള്ളവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഗുര്‍ബാസും റിയാസ് ഹസനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 88 റണ്‍സ് പിറന്നു. 18ാം ഓവറില്‍ റിയാസ് (29) പുറത്താക്കി എയ്ഡന്‍ മാര്‍ക്രമാണ് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ, വണ്‍ഡൗണായി ക്രീസിലെത്തിയ റഹ്‌മത്ത് ഷായും തകര്‍ത്തടിച്ചു. ഇതിനിടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗുര്‍ബാസിനെ നാന്ദ്രേ ബര്‍ഗര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ക്രീസിലെത്തിയ ഒമര്‍സായിയും റഹ്‌മത്ത് ഷാക്ക് മികച്ച പിന്തുണ നല്‍കി. ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് അഫ്ഗാന്‍റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.