അഫ്ഗാനിസ്താനെ 546 റൺസിന് തകർത്തു; ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര ജയം സ്വന്തമാക്കി ബംഗ്ലാദേശ്
text_fieldsധാക്ക: ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. അഫ്ഗാനിസ്താനെയാണ് 546 റൺസിന് ബംഗ്ലാ കടുവകൾ തകർത്തുവിട്ടത്. 662 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 115 റൺസിന് പുറത്തായതോടെയാണ് ആതിഥേയരായ ബംഗ്ലാദേശിന് ചരിത്രവിജയം സ്വന്തമായത്. രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ നജ്മുൽ ഹുസൈൻ ഷാന്റോ ആണ് കളിയിലെ താരം.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 1928ൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് നേടിയ 675 റൺസ് ജയത്തിനാണ് ഇക്കാര്യത്തിൽ റെക്കോഡ്. 1934ൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ ആസ്ട്രേലിയ നേടിയ 562 റൺസ് ജയമാണ് രണ്ടാമത്. 2005ൽ ചിറ്റഗോങ്ങിൽ സിംബാബ്‌വെക്കെതിരെ നേടിയ 226 റൺസ് ജയമായിരുന്നു ബംഗ്ലാദേശിന്റെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ ജയം.
ഒന്നാം ഇന്നിങ്സിൽ 382 റൺസ് അടിച്ച ബംഗ്ലാദേശിനുള്ള അഫ്ഗാനിസ്താന്റെ മറുപടി 146 റൺസിലൊതുങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സിൽ നാലിന് 425 റൺസെടുത്ത് ഡിക്ലയർ ചെയ്ത് അഫ്ഗാന് മുമ്പിൽ 662 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെച്ചു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ 115 റൺസിന് സന്ദർശകർ പുറത്താവുകയായിരുന്നു.
നാലാം ദിനം രണ്ടിന് 45 എന്ന നിലയിലാണ് അഫ്ഗാനിസ്താൻ ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 617 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാൽ, 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവരുടെ എല്ലാ ബാറ്റർമാരും തിരിച്ചുകയറി. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദ്, മൂന്നു വിക്കറ്റ് നേടിയ ഷോറിഫുൽ ഇസ്‌ലാം ഓരോ വിക്കറ്റ് വീതം നേടിയ മെഹിദി ഹസൻ മിറാസ്, ഇബാദത്ത് ഹുസൈൻ എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ അഫ്ഗാനിസ്താനെ എറിഞ്ഞിട്ടത്. പതിനൊന്നാമനായി ഇറങ്ങിയ അഫ്ഗാൻ ബാറ്റർ സഹീർ ഖാൻ റിട്ടയർ ഹർട്ടായി. അഫ്ഗാൻ നിരയിൽ റഹ്മത്ത് ഷാ (30), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (13), കരീം ജനത്ത് (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി നജ്മുൽ ഹുസൈൻ ഷാന്റോ ആദ്യ ഇന്നിങ്സിൽ 146 റൺസെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ 124 റൺസ് അടിച്ചു കൂട്ടി. രണ്ടാം ഇന്നിങ്സിൽ ആതിഥേയർക്കായി മോമിനുൽ ഹഖ് പുറത്താവാതെ 121 റൺസും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.