ലോകചാമ്പ്യൻമാരെ അട്ടിമറിച്ച് അഫ്ഗാൻ
text_fieldsന്യൂഡൽഹി: ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാൻ. ആധുനിക ക്രിക്കറ്റിലെ നവാഗതരായ അഫ്ഗാൻ 69 റൺസിനാണ് കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ, മൂന്ന് കളികളിൽ ഒരു വിജയവുമായി അഫ്ഗാൻ സെമി ഫൈനൽ പ്രതീക്ഷ ഉയർത്തി. മൂന്ന് കളികളിൽ ഇംഗ്ലണ്ടിന് ഒരു ജയം മാത്രമാണുള്ളത്. അഫ്ഗാൻ മുന്നോട്ടുവെച്ച 285 റൺസിന്‍റെ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറിൽ 215 റൺസിന് പുറത്താകുകയായിരുന്നു.
റാഷിദ് ഖാൻ 9.3 ഓവറിൽ 37 റൺസ് മാത്രം വിട്ടുകൊടുത്തും മുജീബുർറഹ്മാൻ 10 ഓവറിൽ 51 റൺസിനും മൂന്ന് വീതം വിക്കറ്റ് നേടി. മുഹമ്മദ് നബി രണ്ടുപേരെയും മടക്കി. ഓപണർ റഹ്മാനുല്ല ഗുർബാസിന്റെയും (80) ഇക്രാം അലിഖിലിന്റെയും (58) അർധശതകങ്ങളാണ് അഫ്ഗാന് ലോകകപ്പിൽ തങ്ങളുടെ മികച്ച രണ്ടാമത്തെ സ്കോർ സമ്മാനിച്ചത്. 66 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് ടോപ് സ്കോറർ. മൂന്നു വിക്കറ്റെടുക്കുകയും 16പന്തിൽ 28 റൺസ് നേടുകയും ചെയ്ത മുജീബാണ് കളിയിലെ താരം.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ തകർപ്പൻ തുടക്കത്തിനുശേഷം തകർന്നില്ലായിരുന്നുവെങ്കിൽ വമ്പൻ സ്കോർ പിറന്നേനേ. വിക്കറ്റ് നഷ്ടമാവാതെ 77 പന്തിൽ നൂറു പിന്നിട്ട ഇന്നിങ്സിൽ ഗുർബാസും ഇബ്രാഹിം സദ്റാനും (28) ചേർന്ന് ഒന്നാം വിക്കറ്റിൽ 114 റൺസ് ചേർത്തു. പത്തോവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ആദിൽ റഷീദാണ് അഫ്ഗാന്റെ കുതിപ്പിന് മൂക്കുകയറിട്ടത്.
സദ്റാനെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച റഷീദിന്റെ പന്തിൽ റഹ്മത്ത് ഷായെ (മൂന്ന്) ജോസ് ബട്‍ലർ സ്റ്റംപ് ചെയ്ത് പുറത്താക്കി. സെഞ്ച്വറിയിലേക്കെന്നു തോന്നിച്ച ഗുർബാസിന്റെ ഇന്നിങ്സിന് 80ൽ വിരാമമിട്ടത് റണ്ണൗട്ടായിരുന്നു. 57പന്തിൽ എട്ടു ഫോറും നാലു സിക്സുമടങ്ങിയതായിരുന്നു ഗുർബാസിന്റെ തകർപ്പൻ ഇന്നിങ്സ്.
ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി (14), അസ്മത്തുല്ല ഉമർസായി (19), മുഹമ്മദ് നബി (ഒമ്പത്) എന്നിവർ നിലയുറപ്പിക്കുംമുമ്പെ മടങ്ങിയതോടെ അഫ്ഗാൻ പൊടുന്നനെ ആറിന് 190 റൺസെന്ന നിലയിലായി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന അലിഖിലും റാഷിദ് ഖാനും (22 പന്തിൽ 23) ചേർന്ന് സ്കോർബോർഡിൽ ചലനം സൃഷ്ടിച്ചു. ആദിൽ റഷീദിനെ സിക്സിന് പറത്താനുള്ള ശ്രമത്തിൽ റാഷിദ് ഖാനെ ബൗണ്ടറി ലൈനിനരികെ ജോ റൂട്ട് പിടിച്ചു പുറത്താക്കി.
പിന്നീടെത്തിയ മുജീബുർറഹ്മാൻ അടിച്ചു തകർത്തതോടെയാണ് അഫ്ഗാൻ സ്കോർ 250ഉം കടന്ന് മുന്നോട്ടുപോയത്. സ്കോർ277ൽ നിൽക്കെ കൂറ്റനടിക്കുള്ള ഇക്രമിന്റെ ശ്രമം അതിർത്തിവരയോട് ചേർന്ന് കറൻ പിടികൂടുകയായിരുന്നു. 66പന്തിൽ മൂന്നു ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു ഇക്രമിന്റെ ഇന്നിങ്സ്. അടുത്ത പന്തിൽ മുജീബും മടങ്ങി. ഉയർന്നുപൊങ്ങിയ പന്ത് റൂട്ടിന്റെ കൈകളിൽ. 16 പന്തുനേരിട്ട മുജീബ് മൂന്നു ഫോറും ഒരു സിക്സുമടിച്ചു. ഇന്നിങ്സിൽ ഒരു പന്തു മാത്രം ബാക്കി നിൽക്കെ നവീനുൽ ഹഖിനെ (അഞ്ച്) ബട്‍ലർ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി.
ഇതോടെ, പത്താമതായിരുന്ന അഫ്ഗാൻ ആറാം സ്ഥാനത്തേക്കു കയറി. പോയന്റ് ഒന്നുമില്ലാത്ത ആസ്ട്രേലിയയാണ് ഇപ്പോൾ അവസാന സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.