വിജയത്തിനും സൂപ്പർ ഫോറിനുമരികിൽ അഫ്ഗാൻ വീണു; രണ്ടു റൺസ് ജയവുമായി ശ്രീലങ്ക സൂപ്പർ ഫോറിൽ
text_fieldsലാഹോർ: ശ്രീലങ്കൻ ബൗളർ ധനഞ്ജയ ഡി സിൽവ എറിഞ്ഞ 38ാം ഓവറിലെ ആദ്യ പന്ത്. അഫ്ഗാനിസ്താനും ഏഷ്യ കപ്പ് സൂപ്പർ ഫോറിനുമിടയിൽ മൂന്നു റൺസ് ദൂരം. സ്ട്രൈക്കിങ് എൻഡിലായിരുന്ന മുജീബ് റഹ്മാൻ ആഞ്ഞടിച്ച പന്ത് പക്ഷേ, സദീര സമരവിക്രമയുടെ കൈകളിലൊതുങ്ങി.
ശ്രീലങ്ക കുറിച്ച 292 റൺസ് ലക്ഷ്യം 37.1 ഓവറിൽ നേടിയാൽ അഫ്ഗാന് ഗ്രൂപ് ബിയിൽനിന്ന് സൂപ്പർ ഫോറിലെത്താമായിരുന്നു. 289ൽ ഇവർ ഓൾ ഔട്ടായതോടെ അർഹിച്ച ജയവും കൈവിട്ടു. രണ്ടു റൺസ് ജയവുമായി ശ്രീലങ്ക (4) ഗ്രൂപ് ജേതാക്കളുമായി. രണ്ടു പോയന്റുള്ള ബംഗ്ലാദേശാണ് ബിയിൽനിന്ന് കടന്ന മറ്റൊരു ടീം. സൂപ്പർ ഫോർ ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് ഓവറിൽ 27 റൺസെടുക്കുന്നതിനിടെ ആദ്യ രണ്ടു വിക്കറ്റും വീണു.
പിന്നീട് ഗുലാബുദ്ദീൻ നയ്ബ് (16 പന്തിൽ 22), റഹ്മത് ഷാ (40 പന്തിൽ 45), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി (66 പന്തിൽ 59), മുഹമ്മദ് നബി (32 പന്തിൽ 65), കരീം ജനത്ത് (13 പന്തിൽ 22), നജീബുല്ല സദ്റാൻ (15 പന്തിൽ 23), റാഷിദ് ഖാൻ (16 പന്തിൽ 27) എന്നിവർ യഥാക്രമം പുറത്തെടുത്ത ബാറ്റിങ് പ്രകടനമാണ് ടീമിനെ ജയത്തിനും സൂപ്പർ ഫോർ യോഗ്യതക്കും അരികിലെത്തിച്ചത്.
എന്നാൽ, നിർഭാഗ്യത്തിൽ രണ്ടും കൈവിട്ടു. നേരത്തേ, 50 ഓവറിൽ എട്ടു വിക്കറ്റിനാണ് ശ്രീലങ്ക 291 റൺസ് നേടിയത്. 84 പന്തിൽ 92 റൺസടിച്ച കുശാൽ മെൻഡിസാണ് ടോപ് സ്കോറർ. അഫ്ഗാൻ ബൗളർമാരിൽ ഗുലാബുദ്ദീനും ശ്രീലങ്കൻ നിരയിൽ കസുൻ രജിതയും നാലു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.