അജാസിന്‍റെ പത്തരമാറ്റ് പ്രകടനത്തിനിടയിലും ന്യൂസിലൻഡിന് നാണക്കേടായി ഈ റെക്കോഡുകൾ
text_fieldsമുംബൈ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഒരുപിടി റെക്കോഡുകളാണ് പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഒരിന്നിങ്സിൽ 10 വിക്കറ്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മാറിയ അജാസിന്‍റെ പ്രകടനമായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന ഹൈലൈറ്റ്. ജിം ലേക്കറും അനിൽ കുബ്ലെയുമാണ് അജാസിന് മുമ്പ് ഒരിന്നിങ്സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത മറ്റ് താരങ്ങൾ.
എന്നാൽ സന്ദർശകരെ 62 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഇതിന് മറുപടി പറഞ്ഞത്. ന്യൂസിലൻഡിന്‍റെ കുഞ്ഞൻ സ്കോറും റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിലെ ഏറ്റവും ചെറിയ സ്കോറാണിത്. ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന്‍റെ ഏറ്റവും ചെറിയ സ്കോർ കുടിയാണ് ശനിയാഴ്ച വാങ്കഡെയിൽ പിറന്നത്.
നാലുവിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് കിവികളുടെ ചിറകരിഞ്ഞത്. ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായതിന്‍റെ റെക്കോഡ് ഇന്ത്യക്കായിരുന്നു (1987-വെസ്റ്റിൻഡീസ്). ഇതിന് മുമ്പ് 2015ൽ 79 റൺസിന് പുറത്തായ ദക്ഷിണാഫ്രിക്കയുടേതായിരുന്നു സന്ദർശക ടീമിന്‍റെ ഏറ്റവും ചെറിയ സ്കോർ.
2002ൽ ഹാമിൽട്ടണിൽ 94ന് പുറത്തായതായിരുന്നു ടെസ്റ്റിലെ കിവീസിന്‍റെ കുഞ്ഞൻ സ്കോർ. ഇത് രണ്ടാം തവണ മാത്രമാണ് കിവീസ് ഇന്ത്യക്കെതിരെ 100ൽ താഴെ സ്കോറിന് പുറത്താകുന്നത്.
കിവീസിനെ ആദ്യ ഇന്നിങ്സിൽ 62 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസെടുത്തു. മായങ്ക് അഗർവാളും (38) ഓപണറായി സ്ഥാനക്കയറ്റം ലഭിച ചേതേശ്വർ പുജാരയുമാണ് (29) ക്രീസിൽ. മൂന്ന് ദിവസങ്ങൾ മുന്നിൽ നിൽക്കേ ഇന്ത്യക്കിപ്പോൾ 332 റൺസിന്‍റെ ലീഡായി.
ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി അജാസ് പട്ടേൽ നടത്തിയ ചരിത്ര നേട്ടത്തെ നിരാശപ്പെടുത്തുന്നതായിരുന്നു ന്യൂസിലാൻഡ് ബാറ്റർമാരുടെ പ്രകടനം. ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 325 റൺസിനെതിരെ കളത്തിലിറങ്ങിയ ന്യൂസിലൻഡ് 28.1 ഓവറിൽ 62 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
ഇന്ത്യക്ക് 263 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. അക്സർ പട്ടേൽ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി. ന്യൂസിലാൻഡ് നിരയിൽ ടോം ലഥാമും (10), കെയ്ൽ ജാമിസണും (17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യൻ വംശജനായ അജാസ് പട്ടേലിന്‍റെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 325 റൺസിലൊതുക്കിയത്.
നാലുവിക്കറ്റിന് 221 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. അജാസിന്‍റെ ബോളിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. 47.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് അജാസ് പത്ത് വിക്കറ്റ് വീഴ്ത്തിയത്. മായങ്ക് അഗർവാൾ (150), അക്സർ പേട്ടൽ (52), ശുഭ്മാൻ ഗിൽ (44), വൃദ്ധിമാൻ സാഹ (27), ശ്രേയസ് അയ്യർ (18) എന്നീ ബാറ്റർമാർ ഇന്ത്യക്കായി ഒന്നാം ഇന്നിങ്സിൽ തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.