ബാബറും റിസ്വാനും ഞങ്ങൾക്കില്ലല്ലോ എന്നോർത്ത് ഇന്ത്യ പരിഭവിക്കുന്ന കാലം വിദൂരമല്ല -റാഷിദ് ലത്തീഫ്
text_fieldsകറാച്ചി: വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും പോലുള്ള താരങ്ങൾ തങ്ങൾക്കില്ലല്ലോ എന്നോർത്തായിരുന്നു ഒരു വർഷം മുമ്പ് പാകിസ്താൻ വിഷമിച്ചിരുന്നെങ്കിൽ, വരുംകാലത്ത് ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും പോലുള്ള താരങ്ങൾ തങ്ങൾക്കില്ലല്ലോയെന്ന് ഇന്ത്യ പരിഭവിക്കുമെന്ന് പാക് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. കഴിഞ്ഞയാഴ്ച വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പര പാകിസ്താൻ 3-0ന് തൂത്തുവാരിയതിന് പിന്നാലെ നടന്ന ടെലിവിഷൻ ചർച്ചയിലാണ് ഓപ്പണർമാരായ മുഹമ്മദ് റിസ്വാനെയും ബാബർ അസമിനെയും റാഷിദ് ലത്തീഫ് പ്രശംസിച്ചത്.
പാകിസ്താന് കോഹ്ലിയും രോഹിത്തും ഇല്ലെന്ന് പറഞ്ഞ് പരിഹസിച്ചവരിപ്പോൾ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും നോക്കി അസൂയപ്പെടുന്നുണ്ടാവും -ലത്തീഫ് കൂട്ടിച്ചേർത്തു.
സ്കോറിങ് നിരക്ക് കുറവായതിന്‍റെ പേരിൽ ബാബറിനും റിസ്വാനുമെതിരെ സമീപകാലത്ത് ശക്തമായ വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ, വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം ലോകകപ്പിൽ തന്നെ മികച്ച ഓപ്പണിങ് കൂട്ടുക്കെട്ട് അവകാശപ്പെടാൻ പാകത്തിൽ ഇരുവരും തങ്ങളുടെ കളിമികവിൽ വളരെയേറെ മുന്നോട്ടു പോയെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി.
കറാച്ചിയിൽ നടന്ന മൂന്നാമത് ട്വന്‍റി20 മത്സരത്തിൽ 208 എന്ന ലക്ഷ്യം പിന്തുടർന്നാണ് പാകിസ്താൻ വിജയം നേടിയത്. റിസ്വാൻ 45 പന്തിൽ നിന്ന് 87 റൺസ് നേടിയപ്പോൾ ബാബർ അസം 53 പന്തിൽ നിന്ന് 79 റൺസ് നേടി. ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 158 റൺസാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.