ശ്രീശാന്തിനുശേഷം ലോകകപ്പിൽ വീണ്ടും മലയാളിത്തിളക്കം
text_fields2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ പാകിസ്താനെ അഞ്ച് റൺസിന് തോൽപിച്ച് ജേതാക്കളായിരുന്നു ഇന്ത്യ. ഈ ടീമിലും 2011ൽ എം.എസ് ധോണിയുടെ തന്നെ നേതൃത്വത്തിൽ ഏകദിന ലോക ചാമ്പ്യന്മാരായ സംഘത്തിലും മലയാളി പേസർ എസ്. ശ്രീശാന്തുണ്ടായിരുന്നു. കഴിഞ്ഞ ഏകദിന, ട്വന്റി20 ലോകകപ്പ് സമയങ്ങളിൽ സഞ്ജു സാംസണിന്റെ പേര് ചർച്ചയായെങ്കിലും പരിഗണിച്ചില്ല.
ടീമിന് അകത്തും പുറത്തുമായി തുടർന്നു വിക്കറ്റ് കീപ്പർ ബാറ്റർ. മികവുണ്ടായിട്ടും സഞ്ജുവിനെ അവഗണിക്കുന്നുവെന്ന് വിദേശ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഐ.പി.എല്ലിന്റെ നടപ്പ് സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച് ഒമ്പതിൽ എട്ട് മത്സരങ്ങളും ജയിച്ച തിരുവനന്തപുരത്തുകാരൻ, നാല് അർധശതകമടക്കം 385 റൺസും ഇതിനകം സ്കോർ ചെയ്തിട്ടുണ്ട്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയും വിശ്രമവും കഴിഞ്ഞ് തിരിച്ചെത്തിയ ഋഷഭ് പന്തും ഐ.പി.എല്ലിൽ തകർപ്പൻ പ്രകടനം നടത്തുകയാണ്. വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ ഋഷഭ് സ്ഥാനം ഏറക്കുറെ ഉറപ്പാക്കിയിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പർക്ക് കൂടി ഇടംലഭിക്കുമെന്നതിനാൽ സഞ്ജുവും രാഹുലും തമ്മിലായി പിന്നെ മത്സരം. ദിനേശ് കാർത്തിക്കിനും നേരിയ സാധ്യതയുണ്ടായിരുന്നു. ഐ.പി.എല്ലിൽ സഞ്ജുവിന്റെ ഫോം കണ്ടില്ലെന്ന് നടിക്കാൻ സെലക്ടർമാർക്കായില്ല എന്നു വേണം കരുതാൻ. 16 ഏകദിനങ്ങളും 25 ട്വന്റി20 മത്സരങ്ങളുമാണ് സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.