‘ആ അപകടത്തിന് ശേഷം എന്നെ ബൈക്ക് തൊടാൻ അനുവദിച്ചിട്ടില്ല; നിങ്ങൾക്കും ഒരു ഡ്രൈവറെ ലഭിക്കാൻ എളുപ്പമല്ലേ?’; ഋഷബ് പന്തിന്റെ അപകടത്തിൽ കപിൽദേവ്
text_fieldsഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്തിന്റെ അപകടത്തിന്റെ ഞെട്ടലിൽനിന്ന് സഹതാരങ്ങളും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ഡൽഹിയിൽനിന്ന് റൂർക്കിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച ആഡംബര വാഹനം കത്തിനശിച്ചിരുന്നു. വശങ്ങളിലെ ഗ്ലാസ് തകർത്ത് പുറത്തുകടക്കാൻ ശ്രമിച്ച താരത്തെ അതുവഴിവന്ന ബസിലെ ജീവനക്കാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ് താരം.
അപകടത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ്. പന്ത് അടക്കം എല്ലാ താരങ്ങളും ഡ്രൈവറെ വെക്കണമെന്നാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഉപദേശം. ചെറുപ്പത്തിൽ താൻ ബൈക്കപകടത്തിൽ പെട്ട കാര്യവും അദ്ദേഹം പങ്കുവെച്ചു. ഈ അപകടത്തിന് ശേഷം തന്റെ സഹോദരൻ ബൈക്ക് തൊടാൻ പോലും അനുവദിച്ചിട്ടില്ലെന്നും കപിൽ വെളിപ്പെടുത്തി. ഋഷബ് പന്ത് രക്ഷപ്പെട്ടതിൽ ദൈവത്തിന് നന്ദി പറയുന്നെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു.
‘‘നിങ്ങൾക്ക് നല്ല വേഗത ലഭിക്കുന്ന മികച്ച കാറുകൾ ഉണ്ടാകും, എന്നാൽ ഏറെ ശ്രദ്ധയുള്ളവരായിരിക്കണം. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഒരു ഡ്രൈവറെ ലഭിക്കും, ഒറ്റക്ക് ഡ്രൈവ് ചെയ്യരുത്. ഒരാൾക്ക് ഡ്രൈവിങ് ഹോബിയോ അഭിനിവേശമോ ഉണ്ടാവാമെന്ന് ഞാൻ മനസ്സിലാക്കുന്നു, ആ പ്രായത്തിൽ അത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾക്ക് ഉത്തരവാദിത്തങ്ങളും ഉണ്ട്. നിങ്ങളുടെ സുരക്ഷ കാര്യത്തിൽ നിങ്ങൾ തന്നെ തീരുമാനമെടുക്കണം’’, കപിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.