തോൽവിക്ക് പിന്നാലെ ഇന്ത്യക്കും ശുഭ്മാൻ ഗില്ലിനും പിഴയിട്ട് ഐ.സി.സി
text_fieldsലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് ദയനീയ പാരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യക്കും ഓപണിങ് ബാറ്റർ ശുഭ്മാൻ ഗില്ലിനും പിഴയിട്ട് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യക്ക് മാച്ച് ഫീയുടെ 100 ശതമാനം പിഴയിട്ട ഐ.സി.സി ആസ്ട്രേലിയക്ക് 80 ശതമാനവും പിഴ ചുമത്തി. അമ്പയറുടെ തീരുമാനത്തെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയിട്ടത്.
മത്സരത്തിന്റെ നാലാം ദിനത്തിൽ ഗില്ലിനെ പുറത്താക്കാൻ കാമറൂൺ ഗ്രീൻ എടുത്ത ക്യാച്ച് വിവാദമായിരുന്നു. പന്ത് നിലത്ത് തട്ടിയെന്ന് ടെലിവിഷൻ റീേപ്ലകളിൽ വ്യക്തമായിരുന്നെങ്കിലും ടെലിവിഷൻ അമ്പയർ റിച്ചാർഡ് കെറ്റിൽബറൊ ഔട്ട് അനുവദിക്കുകയായിരുന്നു. അതൃപ്തിയോടെ കളംവിട്ട ഗിൽ പിന്നീട് ക്യാച്ചിന്റെ ചിത്രം ഇമോജിക്കൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണ് നടപടിക്കിടയാക്കിയത്. ആദ്യ ഇന്നിങ്സിൽ ബോളണ്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി 13 റൺസുമായി മടങ്ങിയ ഗിൽ രണ്ടാം ഇന്നിങ്സിൽ 18 റൺസെടുത്തുനിൽക്കെ ബോളണ്ടിന്റെ തന്നെ പന്തിൽ ഗ്രീനിന് ക്യാച്ച് നൽകുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 209 റൺസിനാണ് ഓസീസിനോട് പരാജയപ്പെട്ടത്. ഒന്നാം ഇന്നിങ്സിൽ 469 റൺസെടുത്ത ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റിന് 270 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. അതേസമയം, ആദ്യ ഇന്നിങ്സിൽ 296 റൺസിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസിനും കൂടാരം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.