വിരാട് കോഹ്‌ലി-അനുഷ്ക ശർമ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ എബി ഡിവില്ലിയേഴ്സിനെ തിരഞ്ഞ് ആരാധകർ
text_fieldsവിരാട് കോഹ്‌ലി-അനുഷ്ക ശർമ താര ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന വാർത്ത വന്നതോടെ മുൻ ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബാറ്റർ എബി ഡിവില്ലിയേഴ്സിനെ തിരയുന്ന തിരക്കിലാണ് ക്രിക്കറ്റ് ആരാധകർ. സമൂഹ മാധ്യമമായ എക്സിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞവയിൽ ‘എബി ഡിവില്ലിയേഴ്സ്’ ഇടംപിടിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് കോഹ്‍ലി ‘വ്യക്തിപരമായ’ കാരണങ്ങളാൽ വിട്ടുനിൽക്കുന്നതായി അറിയിച്ചപ്പോൾ കാരണമന്വേഷിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനിടെ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും അവരുടെ രണ്ടാമത്തെ കുട്ടിയെ കാത്തിരിക്കുകയാണെന്ന് ഡിവില്ലേഴ്സ് തന്റെ യൂടൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. കോഹ്‍ലിയുടെ അടുത്ത സുഹൃത്തും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ സഹതാരവുമായിരുന്ന ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തൽ ആരാധകർ ഏറ്റെടുക്കുകയും ചർച്ചകൾക്കിടയാക്കുകയും ചെയ്തതോടെ കുടുംബത്തെ കുറിച്ച് തെറ്റായ വാർത്ത പങ്കുവെച്ചതിന് ക്ഷമാപണവുമായി താരം രംഗത്തെത്തി.
"എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല, തീർച്ചയായും കുടുംബമാണ് പ്രധാനം, ഞാൻ ഒരു വലിയ തെറ്റ് ചെയ്തു, ശരിയല്ലാത്ത തെറ്റായ വിവരങ്ങൾ യുട്യൂബിലൂടെ പങ്കിട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. എനിക്ക് ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന് ആശംസകൾ നേരുകയെന്നതാണ്. ഈ ഇടവേളയുടെ കാരണം എന്തായാലും, വിരാടിനെ പിന്തുടരുന്ന, ക്രിക്കറ്റ് ആസ്വദിക്കുന്ന ലോകം മുഴുവൻ അദ്ദേഹത്തിന് ആശംസകൾ നേരണം. അവൻ പതിൻമടങ്ങ് ശക്തിയോടെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു” -എന്നിങ്ങനെയായിരുന്നു എ.ബി. ഡിവില്ലേഴ്സിന്റെ അന്നത്തെ വാക്കുകൾ.
എന്നാൽ, എബിയുടെ വെളിപ്പെടുത്തൽ സത്യമായിരുന്നെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇന്റർനെറ്റിൽ അദ്ദേഹത്തെ തിരഞ്ഞ് ക്രിക്കറ്റ് ആരാധകർ എത്തിയത്.
കഴിഞ്ഞ ദിവസമാണ് കോഹ്‌ലി-അനുഷ്ക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. 'ആകായ്' എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ദമ്പതികൾ പങ്കുവെച്ചു. ‘ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഫെബ്രുവരി 15ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞ് അകായെ (വാമികയുടെ ചെറിയ സഹോദരനെ) ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങൾ അഭ്യർഥിക്കുന്നു’ -എന്നായിരുന്നു സമൂഹ മാധ്യമത്തിലെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.