മഴയുടെ ‘കളി’യിൽ രാജസ്ഥാൻ-കൊൽക്കത്ത മത്സരം ഉപേക്ഷിച്ചു; സഞ്ജുവും സംഘവും എലിമിനേറ്ററിൽ
text_fieldsഗുവാഹത്തി: ഐ.പി.എല്ലിൽ രണ്ടും മൂന്നും സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇരുടീമും പോയന്റ് പങ്കുവെച്ചതോടെ കൊൽക്കത്ത 20 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ രാജസ്ഥാൻ 17 പോയന്റുമായി മൂന്നാമതായി. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപിച്ച സൺറൈസേഴ്സ് ഹൈദരാബാദിനും 17 പോയന്റാണെങ്കിലും ഉയർന്ന റൺറേറ്റിൽ രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ഇതോടെ 21ന് അഹ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ 22ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ അഹ്മദാബാദില്‍ നടക്കുന്ന എലിമിനേറ്ററിലെ വിജയികളുമായി 24ന് ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 26ന് ചെന്നൈ ചെപ്പോക്കില്‍ നടക്കുന്ന അന്തിമ പോരാട്ടത്തിനിറങ്ങാം.
മഴ കാരണം മൂന്നര മണിക്കൂറോളം വൈകിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിന് ടോസിട്ടത്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴോവർ വീതമായി മത്സരം ചുരുക്കിയിരുന്നെങ്കിലും വീണ്ടും മഴയെത്തിയതോടെ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.