പ്രായം ചിലർക്ക് അക്കം മാത്രം, മറ്റുള്ളവർക്ക് ടീമിൽനിന്ന് പുറത്താകാനുള്ള കാരണവും; ധോണിക്കെതിരെ ഒളിയമ്പുമായി ഇർഫാൻ പത്താൻ
text_fieldsദുബൈ: പ്രായം ചിലർക്ക് ഒരു അക്കവും മറ്റുള്ളവർക്ക് ടീമിൽനിന്ന് പുറത്താകാനുള്ള കാരണവുമാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഐ.പി.എല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ ധോണി ബാറ്റിങ്ങിനിടെ പ്രയാസപ്പെടുന്ന കാഴ്ചക്ക് പിന്നാലെയാണ് ഇർഫാൻ പത്താെൻറ പ്രതികരണം.
എം.എസ്. ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓട്ടക്കാരൻ പ്രയാസപ്പെടുന്ന രംഗമായിരുന്നു വെള്ളിയാഴ്ച രാത്രിയിലേത്. ദുബൈയിലെ കനത്ത ചൂടും നിര്‍ജലീകരണവുമാണ് ധോണിയെ ക്ഷീണിതനാക്കിയത്. ഇന്നിങ്സിെൻറ 19ാം ഓവറിൽ ഖലീൽ അഹ്മദിെൻറ ആദ്യത്തെ മൂന്ന് പന്തുകളിൽനിന്ന് ഒരു ഫോറും രണ്ട് ഡബിളുകളും സഹിതം എട്ട് റൺസ് നേടിയ ശേഷമാണ് 39കാരൻ അവശനായത്. മത്സരത്തിൽ ചെന്നൈ തോൽക്കുകയും ചെയ്തു.
ഇര്‍ഫാന്‍ പത്താെൻറ കരിയറിന് അകാല ചരമമൊരുക്കിയത് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയാണെന്നാണ് നേരത്തെയുള്ള ആരോപണം. ഇതിനാൽ തന്നെ ഇര്‍ഫാന്‍ പത്താന്‍ മുമ്പും പലതവണ ധോണിക്കെതിരെ ഒളിയമ്പെയ്തിട്ടുണ്ട്.
ഇർഫാൻ പത്താൻ തെൻറ 27ാം വയസ്സിലാണ് അന്താരാഷ്ട്ര കരിയറിൽ 300 വിക്കറ്റ് തികച്ചത്. എന്നാൽ, ആ സമയത്തുതന്നെ ടെസ്റ്റ് ടീമിൽനിന്ന് പുറത്താവുകയും ചെയ്തു. 2012ല്‍ ഏകദിന ടീമിൽനിന്നും പുറത്തായി. നാല് വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായെങ്കിലും ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചില്ല. മനം മടുത്ത് 2020 ജനുവരിയില്‍ വിരമിക്കുേമ്പാൾ പത്താന് 35 വയസ്സായിരുന്നു.
കപില്‍ ദേവിന് ശേഷം ഇന്ത്യക്ക് കിട്ടിയ ഓള്‍ റൗണ്ടര്‍ എന്നായിരുന്നു പത്താനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. 29 ടെസ്റ്റുകളില്‍നിന്ന് 100 വിക്കറ്റും 1105 റണ്‍സും, 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റുകളും 1544 റണ്‍സും 24 ടി20 മത്സരങ്ങളില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റും പത്താൻ നേടിയിട്ടുണ്ട്.
പരിക്കും ഫോമില്ലായ്മയും ഒരു ഘട്ടത്തില്‍ ഇര്‍ഫാന്‍ പത്താനെ അലട്ടിയിരുന്നു. എന്നാൽ, ആഭ്യന്തര മത്സരങ്ങളില്‍ ഫോം വീണ്ടെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തെങ്കിലും 2012 ഒക്ടോബറിന് ശേഷം ഇന്ത്യന്‍ ടീമിെൻറ വാതില്‍ തുറന്നതേയില്ല. മികച്ച ഫോമിലായിരുന്നപ്പോള്‍ പോലും ദീര്‍ഘകാലം പത്താനെ ടീമിന് പുറത്തുനിര്‍ത്തിയത് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്കും സെലക്ടര്‍മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയരാന്‍ കാരണമായി.
മാത്രമല്ല, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിലായിരുന്നപ്പോഴും പുണെ സൂപ്പർ ജയൻറ്സിലെത്തിയപ്പോഴും ധോണിയുടെ ടീമിലുണ്ടായിരുന്ന ഇര്‍ഫാന്‍ പത്താന് കളിക്കാന്‍ മതിയായ അവസരം നല്‍കാത്തതിനെതിരെയും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.