നാളെയാണ് നാളെ; ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനൊരുങ്ങി അഹ്മദാബാദ്
text_fieldsഅഹ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഒരുനാൾ കൂടി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ക്ലാസിക് ഫൈനലിന് ഒരുങ്ങി. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് ലോകം കാത്തിരിക്കുന്ന കലാശക്കളി. ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും ജയിച്ച് ഫൈനലിലേക്ക് കുതിച്ച ഇന്ത്യക്കുതന്നെയാണ് നാളെ വിജയസാധ്യത കൂടുതൽ.
സെമിയിൽ 70 റൺസിന് ന്യൂസിലൻഡിനെ ആധികാരികമായി തോല്പിച്ചാണ് ടീമിന്ത്യയുടെ വരവ്. 212 റൺസ് കഷ്ടപ്പെട്ട് പ്രതിരോധിച്ചാണ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസ് ജയിച്ചത്.
ലോകകപ്പിൽ നാലാം തവണയാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. 1983ലും 2011ലും ടീം ജേതാക്കളായി. 2003ൽ ആസ്ട്രേലിയയോട് ദയനീയമായി തോൽക്കുകയായിരുന്നു. എട്ടാം ഫൈനലിനിറങ്ങുന്ന കങ്കാരുക്കൾ അഞ്ചുവട്ടം ജേതാക്കളായിരുന്നു. ഇന്ത്യൻ താരങ്ങൾ ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി.
- എല്ലാർക്കും ഇഷ്ടപ്പെടുന്ന പിച്ച്
മോദി സ്റ്റേഡിയത്തിലെ പിച്ച് സാധാരണയായി ബാറ്റർമാർക്കും ഫീൽഡർമാർക്കും കാണികൾക്കും ക്രിക്കറ്റ് വിദഗ്ധർക്കുമെല്ലാം ഇഷ്ടപ്പെടുന്നതാണ്. ബാറ്റർമാരോടാണ് പിച്ചിന് അൽപം ചായ്വ് കൂടുതൽ. അച്ചടക്കത്തോടെ പന്തെറിഞ്ഞാൽ ബൗളർമാർക്കും അനുകൂലമാകും.
ന്യൂ ബാൾ ബൗളർമാർക്കും മധ്യഓവറുകളിൽ സ്പിന്നർമാർക്കും ഫലപ്രദമായി ഉപയോഗിക്കാവുന്ന പ്രതലമാണിത്. ആദ്യ പത്തോവറിൽ പേസർമാർക്ക് നന്നായി ബൗൺസ് ലഭിക്കും. കളി പുരോഗമിക്കുന്തോറും സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുങ്ങുകയെന്നാണ് സൂചന.
ആദം സാംപയും ഗ്ലെൻ മാക്സ്വെല്ലുമടങ്ങുന്ന ഓസീസ് സ്പിന്നർമാർക്കും ഈ സൂചനകൾ സന്തോഷകരമാണ്. അഹ്മദാബാദിൽ മഴപെയ്യാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. പകൽ 33 ഡിഗ്രി സെൽഷ്യസ് വരെയാകും ഊഷ്മാവ്. വൈകീട്ട് 25ലേക്ക് താഴും. മഴപെയ്ത് കളി മുടങ്ങിയാൽ തിങ്കളാഴ്ച റിസർവ് ഡേയിൽ നടത്തും.
അതേസമയം, ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) പിച്ച് കൺസൾട്ടന്റ് ആൻഡി അറ്റ്കിൻസൺ നാളെ എത്തും. ന്യൂസിലൻഡിനെതിരായ സെമിയിൽ പുതിയ പിച്ച് ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുമായി ഈ ന്യൂസിലൻഡ്കാരന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
ബി.സി.സി.ഐയുടെ ചീഫ് ഓഫ് ഗ്രൗണ്ട് സ്റ്റാഫ് ആശിഷ് ഭൗമികും സഹായിയായ തപോഷ് ചാറ്റർജിയും ബി.സി.സി.ഐ ആഭ്യന്തര ക്രിക്കറ്റ് ജനറൽ മാനേജറായ എബി കുരുവിളയുമാണ് ഇന്നലെ പിച്ചിലെ ജോലികൾക്ക് മേൽനോട്ടം വഹിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും പിച്ച് വിദഗ്ധരുമായി ഏറെ നേരം മൈതാനത്ത് ചർച്ചയും നടത്തി.
- കളി നിയന്ത്രിക്കാൻ റിച്ചാർഡുമാർ
ഇംഗ്ലണ്ടിൽനിന്നുള്ള റിച്ചാർഡ് ഇല്ലിങ്വർത്തും റിച്ചാർഡ് കെറ്റിൽബറോയുമാണ് ലോകകപ്പ് ഫൈനലിലെ അമ്പയർമാർ. 2015 ലോകകപ്പ് ഫൈനലിൽ അമ്പയറായിരുന്നു കെറ്റിൽബറോ. 1992 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച താരമാണ് ഇല്ലിങ്വർത്ത്.
ഇന്ത്യ-ന്യുസിലൻഡ് സെമി നിയന്ത്രിച്ച അമ്പയർമാരിലൊരാളായിരുന്നു ഇല്ലിങ്വർത്ത്. രണ്ടാം സെമിയിൽ കെറ്റിൽബറോയും അമ്പയറായിരുന്നു. മികച്ച അമ്പയർമാർക്കുള്ള ഐ.സി.സിയുടെ ഡേവിഡ് ഷെപ്പേഡ് ട്രോഫി കെറ്റിൽബറോ മൂന്നും ഇല്ലിങ്വർത്ത് രണ്ടും തവണ സ്വന്തമാക്കിയിട്ടുണ്ട്.
- മോദി വരും
ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരെത്തും. ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസാണ് ആസ്ട്രേലിയയിൽനിന്നുള്ള അതിവിശിഷ്ട അതിഥി.
4500 സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഫൈനലിനായി വിന്യസിക്കുന്നത്. സമീപത്തുള്ള മെട്രോ സ്റ്റേഷനിൽനിന്ന് നിരന്തരം മെട്രോ ട്രെയിനുകൾ ഓടിക്കും.
മുംബൈയിൽനിന്ന് അഹ്മദാബാദിലേക്ക് മധ്യറെയിൽവേ പ്രത്യേക സർവിസ് നടത്തുന്നുണ്ട്. വ്യോമസേനയുടെ അഭ്യാസികളായ ‘സൂര്യകിരൺ’ സംഘത്തിന്റെ പ്രകടനങ്ങൾ ഫൈനലിനുമുമ്പ് നടത്തും. സൂര്യകിരൺ സംഘം ഇന്നലെ സ്റ്റേഡിയത്തിന് മുകളിൽ സന്നാഹപ്പറക്കൽ നടത്തി.
- ഹോട്ടൽ മുറിക്ക് ഒരു ലക്ഷം; വിമാന ടിക്കറ്റിലും കൊള്ള
ഫൈനലിനായി അഹ്മദാബാദിലെത്തുന്നവരെ കാത്തിരിക്കുന്നത് കൊള്ള വാടക. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒരു രാത്രി തങ്ങാൻ ഒരു ലക്ഷം രൂപവരെ നൽകണം.
സാധാരണ ഹോട്ടലുകളിലും മുറിവാടക കുത്തനെ കൂട്ടി. ഇത്തരം ഹോട്ടലുകളിലെ മുറിക്ക് പതിനായിരം രൂപവരെ നൽകണം.ബംഗളൂരുവിൽനിന്ന് സാധാരണ 5700 രൂപ മുതലായിരുന്നു അഹ്മദാബാദിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക്. ഇത് 33,000 രൂപ വരെയായി. അഹ്മദാബാദിന്റെ തൊട്ടടുത്ത പ്രദേശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വൻ കുതിപ്പാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.