വായുമലിനീകരണം രൂക്ഷമായി; ഡൽഹിയിലെ പരിശീലനം റദ്ദാക്കി ബംഗ്ലാദേശ് ടീം
text_fieldsഅന്തരീക്ഷ മലിനീകരണത്തിൽ ശ്വാസം മുട്ടുകയാണ് രാജ്യതലസ്ഥാനമായ ഡൽഹി. മൂടൽ മഞ്ഞിൽ മുങ്ങിയപോലെ അന്തരീക്ഷം കലങ്ങിയ ഡൽഹിയിലെ ശ്വാസവായു മലിനീകരണം ‘ഗുരുതര’മെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഭയന്ന് ഇന്ന് പ്രൈമറി സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. മലിനീകരണ തോത് ഉയരാതിരിക്കാൻ തലസ്ഥാന പരിധിയിൽ ലോറി ഗതാഗതവും മറ്റ് നിർമാണപ്രവർത്തനങ്ങളുമൊക്കെ താൽക്കാലികമായി നിരോധിച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ലോകകപ്പിനെത്തിയ ബംഗ്ലാദേശ് ടീം അവരുടെ പരിശീലന സെഷൻ റദ്ദാക്കിയിരിക്കുകയാണ്.
ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഡൽഹിയിൽ പരിശീലനം നടത്തേണ്ടതായിരുന്നു കടുവകൾക്ക്. തങ്ങളുടെ കളിക്കാരുടെ ആരോഗ സംരക്ഷണം മുന്നിൽ കണ്ട് പരിശീലന സെഷൻ റദ്ദാക്കിയതായി ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ് അറിയിച്ചു. "ഞങ്ങൾക്ക് ഇന്ന് ഒരു പരിശീലന സെഷൻ ഉണ്ടായിരുന്നു, പക്ഷേ മോശമായ സാഹചര്യങ്ങൾ കാരണം ഞങ്ങൾ പിൻവാങ്ങി." - അദ്ദേഹം പറഞ്ഞതായി ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
അതേസമയം, അന്തരീക്ഷ വായുവിന്റെ ഗുണമേന്മ സൂചിക (എ.ക്യു.ഐ) അപകടനിലയായ 450 കടന്നതോടെയാണ് കടുത്ത നടപടികളുമായി ഡൽഹി സർക്കാർ രംഗത്തുവന്നത്. ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി നഗരങ്ങളിലും മലിനീകരണ തോത് കൂടിയിട്ടുണ്ട്. കാറ്റിന്റെ വേഗക്കുറവ്, മഴയില്ലായ്മ, പാടങ്ങളിലെ വൈക്കോൽ കത്തിക്കൽ എന്നിവയാണ് പ്രധാനമായും അന്തരീക്ഷം മോശമാക്കിയത്. മൂടൽമഞ്ഞ് ഇല്ലാതിരുന്നിട്ടു കൂടി 500 മീറ്ററിനപ്പുറം ദൂരക്കാഴ്ച ഇല്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചത്. ശ്വാസം മുട്ടൽ, കണ്ണെരിച്ചിൽ, ചുമ, കഫക്കെട്ട് എന്നിവക്ക് കാരണമാക്കുന്ന മലിനീകരണം ആസ്തമ രോഗികളെയും മറ്റും വല്ലാതെ അലട്ടുന്നുണ്ട്. വാഹനങ്ങൾ കഴിവതും നിരത്തിലിറക്കരുതെന്നും വീടുകളിൽതന്നെ കഴിയാൻ ശ്രമിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.