സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച് രഹാനെ; മെൽബണിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ
text_fieldsമെൽബൺ: കാറ്റിലും കോളിലും ഉലയാതെ, കപ്പലിനെ തീരത്തേക്കു നയിക്കുന്ന കപ്പിത്താനെപ്പോലെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ഇന്ത്യയെ ലക്ഷ്യത്തിലേക്കു നയിക്കുന്നു. ആസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിെൻറ രണ്ടാം ദിനത്തിലും ഇന്ത്യക്ക് ശുഭദിനം. ഒന്നാം ഇന്നിങ്സിൽ ആതിഥേയരെ 195ന് പുറത്താക്കിയ ഇന്ത്യ, രണ്ടാം ദിനം കളി അവസാനിക്കുേമ്പാൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. ക്യാപ്റ്റെൻറ സെഞ്ച്വറി ഇന്നിങ്സുമായി രഹാനെ ടീമിനെ തോളിലേറ്റിയപ്പോൾ (104 നോട്ടൗട്ട്), 82 റൺസിെൻറ മികച്ച ലീഡ്. 40 റൺസുമായി രവീന്ദ്ര ജദേജയും ഒപ്പമുണ്ട്.
ഒന്നിന് 36 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് ശുഭമാൻ ഗില്ലും (45) ചേതേശ്വർ പുജാരയും (17) നൽകിയ തുടക്കം, ഇടക്ക് പാളി. മികച്ച സ്ട്രോക്കുകളുമായി കുതിക്കവെ ഗിൽ കമ്മിൻസിെൻറ പന്തിൽ ടിം പെയ്ന് പിടികൊടുത്ത് മടങ്ങിയതിനു പിന്നാലെ, പുജാരയും അതേ വഴി കൂടാരം കയറി. പിന്നാലെ ഹനുമ വിഹാരിയും (21) ഋഷഭ് പന്തും (29) രഹാനെക്ക് കൂട്ടായെത്തിയെങ്കിലും ദൈർഘ്യമേറിയ ഇന്നിങ്സ് കളിക്കാനായില്ല. അഞ്ചിന് 173 എന്ന നിലയിലേക്ക് ടീം വീണപ്പോഴാണ് രഹാനെക്ക് ജദേജ കൂട്ടായെത്തിയത്. ഏകദിനത്തിലും ട്വൻറി20യിലും ബിഗ് ഹിറ്റുകളുമായി അതിവേഗ ഇന്നിങ്സുകൾക്ക് പേരുകേട്ട ജദേജ പക്ഷേ, തികഞ്ഞ ടെസ്റ്റ് ബാറ്റ്സ്മാനായി പക്വത കൈവരിച്ചിരുന്നു.
ഒരുവശത്ത് ഓസീസ് ഫീൽഡർമാരുടെ ചോർന്ന കൈകൾക്കിടയിലൂടെ ലൈഫ് വീണ്ടെടുത്തുകൊണ്ട് രഹാനെ നിലയുറപ്പിച്ചു. ജദേജയുടെ ഉറച്ച പിന്തുണകൂടിയായതോടെ ഇളക്കമില്ലാത്ത ഇന്നിങ്സുമായി അഞ്ചാം വിക്കറ്റിൽ ഇന്ത്യ മെൽബണിലെ 'ബർമുഡ ട്രയാങ്കിൾ' ആത്മവിശ്വാസേത്താടെതന്നെ നീന്തിക്കയറി. പാറ്റ്കമ്മിൻസ്, ഹേസൽവുഡ്, മിച്ചൽ സ്റ്റാർക് എന്നിവർ അടവുകളെല്ലാം മാറ്റിമാറ്റി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് പിളർന്നില്ല.
60ാം ഓവറിൽ ഒന്നിച്ച സഖ്യം അടുത്ത 31 ഓവർ അപരാജിതമായി ക്രീസിൽ തുടർന്നു. ഇതിനിടെ, വ്യക്തിഗത സ്കോർ 74ൽ നിൽക്കെ രഹാനെയുടെ സിംപ്ൾ ക്യാച്ച് സെക്കൻഡ് സ്ലിപ്പിൽ സ്റ്റീവൻ സ്മിത്ത് കൈവിട്ടു. വൈകാതെ കരിയറിലെ 12ാം ടെസ്റ്റ് സെഞ്ച്വറിയും ആ ബാറ്റിൽനിന്ന് പിറന്നു. രണ്ടാം ദിനത്തിലെ അവസാന പന്തിലും രഹാനെ പുറത്താക്കാനുള്ള അവസരം നൽകിയെങ്കിലും ഓസീസ് ഫീൽഡിങ്ങിൽ ട്രാവിസ് ഹെഡ് കൈവിട്ടു. ക്യാപ്റ്റൻ വീണ്ടും ലൈഫ് നേടിയതിനു പിന്നാലെ രണ്ടാം ദിവസത്തെ സ്റ്റംപ് ഊരി. 104 റൺസിെൻറ ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിെൻറ നട്ടെല്ലായത്. മിച്ചൽ സ്റ്റാർകും പാറ്റ് കമ്മിൻസിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.