'അതേക്കുറിച്ച് അറിയില്ല'; വസീം ജാഫറിനെതിരായ വർഗീയ പ്രചാരണത്തിൽ രഹാനെ
text_fieldsഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓപണറായിരുന്ന വസീം ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ നേരിട്ട വര്‍ഗ്ഗീയ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായം വ്യക്തമാക്കി ഇന്ത്യയുടെ ഉപനായകൻ അജിൻക്യ രഹാനെ. ജാഫറിനൊപ്പം ഒരുപാട് ഇന്നിങ്സുകൾ കളിച്ച രഹാനെ വിഷയത്തിൽ തനിക്ക് യാതൊരു അറിവുമില്ലെന്നാണ് പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു രഹാനെയുടെ പ്രതികരണം.
'ഈ പ്രശ്നത്തെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല. എന്താണ് സംഭവിച്ചതെന്നും അറിയില്ല, അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് ഞാൻ അഭിപ്രായം പറയണമെന്ന് എനിക്ക് തോന്നുന്നില്ല.', -രഹാനെ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി വിഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി രഹാനെയും ജാഫറും ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്.
അനർഹരെ തിരുകിക്കയറ്റാൻ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സമ്മർദം ചെലുത്തിയതിനാലാണ് രാജിയെന്ന് വസീം ജാഫർ വിശദീകരിച്ചിരുന്നു. എന്നാൽ, വസീം ജാഫർ ഡ്രസ്സിങ് റൂമിനെ വർഗീയവത്കരിക്കുകയും മുസ്ലിം താരങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുവെന്ന് അസോസിയേഷൻ സെക്രട്ടറി മാഹിം വർമ പറഞ്ഞതാണ് പുതിയ വിവാദങ്ങളിലേക്കെത്തിച്ചത്. എന്നാൽ, മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെ, ഇർഫാൻ പത്താൻ തുടങ്ങിയവർ ജാഫറിന് പിന്തുണയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.