എന്തുകൊണ്ട് കംഗാരു കേക്ക് മുറിച്ചില്ല; കാരണമിതാണെന്ന് രഹാനെ
text_fieldsന്യൂഡൽഹി: ഡൗൺ അണ്ടറിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയത്തിന് പിന്നാലെ മടങ്ങിയെത്തിയ അജിൻക്യ രഹാനെക്ക് രാജകീയ വരവേൽപ്പായിരുന്നു ലഭിച്ചത്. ബാറ്റിങ്ങിലെയും ക്യാപ്റ്റൻസിയിലെയും പ്രകടന മികവിനൊപ്പം തന്നെ ഗ്രൗണ്ടിന് പുറത്തെ പ്രകടനം കൊണ്ടും രഹാനെ ഏവരുടെയും ശ്രദ്ധ കവർന്നു.
100ാം ടെസ്റ്റ് മത്സരം കളിച്ച ഓസീസ് താരം നാഥൻ ലിയോണിന് ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ജഴ്സി സമ്മാനിച്ചായിരുന്നു ആദ്യം കൈയ്യടി നേടിയത്. ഉജ്വല വിജയത്തിന് പിന്നാലെ കംഗാരുവിന്‍റെ മാതൃകയിൽ തയാറാക്കിയ കേക്ക് മുറിക്കാൻ വിസമ്മതിച്ചതായിരുന്നു രണ്ടാമത്തേത്. ഇക്കാര്യം വലിയ വാർത്തയാകുകയും ഏറെ പേർ താരത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു.
ഇപ്പോൾ ഹർഷ ഭോഗ്ലെയുമായി നടത്തിയ സംഭാഷണത്തിൽ എന്തുകൊണ്ടാണ് താൻ കംഗാരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഹാനെ.
'കംഗാരു ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. അതുകൊണ്ട് ആ കേക്ക് മുറിക്കാൻ എനിക്ക് തോന്നിയില്ല. നിങ്ങൾ വിജയികളായിരിക്കാം, ചിലപ്പോൾ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടാകും. എങ്കിൽ പോലും നിങ്ങൾ എതിരാളികളെ ബഹുമാനിക്കണം. മറ്റു രാജ്യങ്ങളോടും എതിർ ടീമുകളോടും ബഹുമാനം പ്രകടിപ്പിക്കണം. അതുകൊണ്ട് മാത്രമാണ് ആ കേക്ക് ഞാൻ മുറിക്കാതിരുന്നത്'- രഹാനെ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ചെന്നൈയിൽ ക്വാറന്‍റീനിൽ കഴിയുകയാണ് ഇന്ത്യൻ ടീമിപ്പോൾ. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയെടുത്ത നായകൻ വിരാട് കോഹ്ലി മടങ്ങിയെത്തും. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഫെബ്രുവരി അഞ്ചാം തീയതിയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.