ശമ്പളത്തിൽ മുൻഗാമികളെയെല്ലാം കടത്തിവെട്ടി അജിത് അഗാർക്കർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി അജിത് അഗാർക്കറിനെ കഴിഞ്ഞദിവസമാണ് ബി.സി.സി.ഐ നിയമിച്ചത്. ശിവസുന്ദർ ദാസ്, സലിൽ അങ്കോള, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരടങ്ങുന്ന സെലക്ഷൻ പാനലിന്റെ അധ്യക്ഷനായാണ് 45കാരനായ മുൻ ഓൾറൗണ്ടർ എത്തുന്നത്.
പദവി ഏറ്റെടുക്കാൻ ആദ്യം വിസ്സമതിച്ച അഗാർക്കർ, ശമ്പളം വർധിപ്പിക്കാമെന്ന ബി.സി.സി.ഐ നിർദേശത്തിനു പിന്നാലെയാണ് ഒടുവിൽ തയാറായത്. നിലവിൽ ചെയർമാന്‍റെ ഒരു വർഷത്തെ ശമ്പളം ഒരു കോടി രൂപയാണ്. പാനലിലെ മറ്റു നാലു അംഗങ്ങൾക്ക് 90 ലക്ഷം രൂപ വീതവുമാണ് നൽകുന്നത്. ചെയർമാന്‍റെ ശമ്പളം ഒരു കോടിയിൽനിന്ന് മൂന്നു കോടി രൂപയായി ഉയർത്താൻ ബി.സി.സി.ഐ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.
സെലക്ഷൻ പാനലിലെ മറ്റു അംഗങ്ങളുടെ ശമ്പളത്തിലും ആനുപാതിക വർധനയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെപ്റ്റംബറിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡിയിൽ കൈക്കൊള്ളും. ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ ഫെബ്രുവരിയിൽ ഒളികാമറ വിവാദത്തിൽപെട്ട് പുറത്തായിരുന്നു. ശിവസുന്ദർ ദാസാണ് ഇടക്കാല ചീഫ് സെലക്ടറുടെ റോൾ വഹിച്ചിരുന്നത്. മുംബൈ സെലക്ഷൻ കമ്മിറ്റിയുടെ തലവനായിരുന്നു നേരത്തെ അഗാർക്കർ.
ട്വന്‍റി20 മത്സരങ്ങൾ ഉൾപ്പെടെ കളിച്ചതിന്‍റെ അനുഭവ പരിചയം കണക്കിലെടുത്താണ് അഗാർക്കറിനെ ബി.സി.സി.ഐ പരിഗണിച്ചത്. ഇന്ത്യക്ക് വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് അഗാർക്കർ. കൂടാതെ, 42 ഐ.പി.എൽ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്‍റി20 ടീമിനെ പ്രഖ്യാപിച്ചത് പുതിയ കമ്മിറ്റിയാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.