അജിത് അഗാർക്കർ ഇന്ത്യൻ ടീമിന്‍റെ ചീഫ് സെലക്ടറാകും; വേതനം വർധിപ്പിക്കാൻ ബി.സി.സി.ഐ
text_fieldsമുംബൈ: മുൻ ഓൾറൗണ്ടർ അജിത് അഗാർക്കറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടറായി നിയമിക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്. ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ ഫെബ്രുവരിയിൽ രാജിവെച്ച ഒഴിവിൽ മറ്റാരെയും നിയമിച്ചിരുന്നില്ല.
വേതനം വർധിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് ബി.സി.സി.ഐ അധികൃതർ അഗാർക്കറുമായി ചർച്ച നടത്തിയതെന്നാണ് വിവരം. നിലവിൽ ചീഫ് സെലക്ടറുടെ വാർഷിക വേതനം ഒരു കോടി രൂപയാണ്. ഇത് വർധിപ്പിക്കും. തുടർന്നാണ് ചീഫ് സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അഗാർക്കർ തയാറായത്. തുടർന്ന് വ്യാഴാഴ്ച അഗാർക്കർ ഐ.പി.എൽ ടീമായ ഡൽഹി കാപിറ്റൽസിന്‍റെ അസിസ്റ്റന്‍റ് കോച്ച് സ്ഥാനം രാജിവെച്ചു.
ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിക്കുന്ന മുതിർന്ന താരങ്ങൾ വേതനം ചൂണ്ടിക്കാട്ടി പദവി നിരസിക്കുന്ന സാഹചര്യമുണ്ടായിരുന്നു. താരങ്ങൾക്ക് കമന്‍ററിയിൽ നിന്നും ചാനൽ പരിപാടികളിൽ നിന്നും മറ്റും മികച്ച വരുമാനം ലഭിക്കുന്നതാണ് ചീഫ് സെലക്ടർ പദവിയെ അനാകർഷകമാക്കിയത്. ഇതേ തുടർന്നാണ് വേതനം വർധിപ്പിക്കാൻ ബി.സി.സി.ഐ നിർബന്ധിതരായത്.
45കാരനായ അജിത് അഗാർക്കർ ഇന്ത്യക്ക് വേണ്ടി 191 ഏകദിനവും 26 ടെസ്റ്റും നാല് ട്വന്‍റി20യും കളിച്ചിട്ടുണ്ട്. 2007ൽ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
സെലക്ഷൻ കമ്മിറ്റിയിലെ നിലവിലെ മറ്റ് അംഗങ്ങൾ സുബ്രതോ ബാനർജീ, സലിൽ അങ്കോള, ശ്രിദ്ധരൺ ശരത്, ശിവ് സുന്ദർ ദാസ് എന്നിവരാണ്. 90 ലക്ഷമാണ് ബി.സി.സി.ഐ ഇവർക്ക് നൽകുന്ന വരുമാനം.
നേരത്തെ, ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ സീ ന്യൂസ് നടത്തിയ ഒളികാമറ ഓപറേഷന് പിന്നാലെയാണ് പുറത്തായത്. ഒളികാമറ ഓപറേഷനിൽ വിവാദമായ പല വെളിപ്പെടുത്തലുകളും ശർമ നടത്തിയിരുന്നു. ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ കുത്തിവെപ്പെടുക്കുന്നത്, വിരാട് കോലി-രോഹിത് ശര്‍മ ഈഗോ, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഹാര്‍ദിക് പാണ്ഡ്യ ഇടയ്ക്കിടെ തന്നെ കാണാന്‍ വരുന്നത്, സഞ്ജുവിന്‍റെ സാധ്യത മങ്ങുന്നത്... ഇങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഒളികാമറയുണ്ടെന്നറിയാതെ ചേതന്‍ വിളിച്ചുപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.