അവരുടെ കാര്യം കോഹ്ലിക്ക് വിടൂ...; പാക് പേസർമാരെ കുറിച്ച് അഗാർക്കർ; മറുപടിയുമായി ഷദബ് ഖാൻ
text_fieldsഏഷ്യാ കപ്പിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം സെപ്റ്റംബർ രണ്ടിന് പല്ലേക്കലെ സ്റ്റേഡിയത്തിലാണ്. പാക് ബൗളിങ്ങിന്‍റെ കുന്തമുനകളായ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ ഇന്ത്യൻ ടീമിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളർമാരുടെ സംഘവുമായാണ് പാകിസ്താൻ വരുന്നത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നു ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താൻ തൂത്തുവാരിയിരുന്നു. ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷന്‍ സമയത്ത് പാക് പേസർമാരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിന് മറുപടി പറയേണ്ടി വന്നിരുന്നു.
പാകിസ്താന്‍റെ പേസർമാരെ എങ്ങനെ നേരിടുമെന്നായിരുന്നു ചോദ്യം. അവരെ വിരാട് കോലി നോക്കിക്കോളും എന്ന രസകരമായ മറുപടിയാണ് അഗാർക്കാർ ചിരിച്ചുകൊണ്ട് നൽകിയത്. പിന്നാലെയാണ് അഗാർക്കറിന് മറുപടിയുമായി പാക് ഓൾ റൗണ്ടർ ഷദബ് ഖാൻ തന്നെ രംഗത്തെത്തിയത്. എല്ലാവര്‍ക്കും പ്രസ്താവനകള്‍ നടത്താനുള്ള അവകാശമുണ്ടെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
‘ഇത് ചില ദിവസങ്ങളെ ആശ്രയിച്ചിരിക്കും. ഇപ്പോൾ, ഇന്ത്യയിൽ നിന്നുള്ളവർക്കോ, അല്ലെങ്കിൽ എനിക്കോ എന്ത് അവകാശവാദം വേണേലും ഉന്നയിക്കാം, പക്ഷേ അത് വെറും വാക്കുകൾ മാത്രമാണ്. ആർക്കും എന്തും പറയാം, എന്നാല്‍ അതൊരിക്കലും ഞങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തില്ല. നമുക്ക് മത്സരം നടക്കുമ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം’ -അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിലെ വിജയത്തിനുശേഷം ഷദബ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.