'ഗംഭീർ ചാടി വണ്ടിയിൽ കയറി നേരെ ഡ്രൈവറുടെ കോളറിൽ പിടിച്ചു..'; മുൻകാല സംഭവം ഓർത്തെടുത്ത് സഹതാരം
text_fieldsഇന്ത്യൻ ടീമിന്‍റെ ഹെഡ് കോച്ചായ ഗൗതം ഗംഭീറിന്‍റെ സ്വഭാവവും ചങ്കൂറ്റവുമെല്ലാം എന്നും ചർച്ചയാകാറുള്ളതാണ്. ഒരു 'ടഫ്' മനുഷ്യനാണ് താൻ എന്ന് ഗംഭീറിന്‍റെ ശരീര ഭാഷ വെളിവാക്കാറുണ്ട്. ക്രിക്കറ്ററായിരുന്നപ്പോഴും കമന്‍റേറ്ററായിരുന്നപ്പോഴും അത് വ്യക്തമായിരുന്നു. ഐ.പി.എല്ലിൽ മെന്‍റർ ആയിരുന്നപ്പോൾ വിരാട് കോഹ്ലിയോട് കയർക്കാൻ പോയതൊക്കെ ഇതിന്‍റെ ക്ലാസിക് ഉദാഹരണങ്ങളാണ്.
എന്നാൽ, ഗംഭീറിന്‍റെ വ്യത്യസ്തമായൊരു വഴക്കിനെ പറ്റി വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ ഓപണിങ് ബാറ്ററും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഡൽഹിക്ക് വേണ്ടി ഓപണിങ് പൊസിഷൻ നേടാൻ മത്സരിച്ച താരങ്ങളായിരുന്നു ഗംഭീറും ചോപ്രയും. പിന്നീട് ഇന്ത്യൻ ടീമിലും ഇരുവരും ഇതിനായി പോരാടി. എന്നാൽ, ഗംഭീർ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യം ആയപ്പോൾ ചോപ്രക്ക് 10 ടെസ്റ്റ് മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ.
ഇരുവരും ഡൽഹിക്ക് വേണ്ടി ഒരുമിച്ച് കളിച്ചപ്പോൾ ഗംഭീർ ഒരു ട്രക്ക് ഡ്രൈവറോട് വഴക്കുണ്ടാക്കിയതിനെ കുറിച്ചാണ് ചോപ്ര വിശദീകരിച്ചത്. 'ഡൽഹിയിൽ വെച്ച് ഒരിക്കൽ ട്രക്ക് ഡ്രൈവറോട് ഗംഭീർ വഴക്കിട്ടിട്ടുണ്ട്. ഗംഭീർ കാറിൽ നിന്നും ഇറങ്ങി നേരെ ട്രക്കിൽ ചാടിക്കയറുകയും അയാളുടെ കോളറിൽ പിടിക്കുകയും ചെയ്തു. ആയാൾ റോങ് ടേൺ എടുക്കുകയും മോശമായി എന്തൊക്കെയോ പറയുകയും ചെയ്തപ്പോഴായിരുന്നു പ്രതികരണം. ഞാൻ അപ്പോൾ തന്നെ ഗൗതി, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് ബോധം വന്നത്,' -ചോപ്ര പറഞ്ഞു.
രാജ് ഷമനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ചോപ്ര ഇക്കാര്യങ്ങൾ പറഞ്ഞത്. ഓൺഫീൽഡിൽ അദ്ദേഹത്തിന്‍റെ പരാക്രമങ്ങൾ എന്നും ചർച്ചയാകുന്നതാണ്. ഇന്ത്യയിലെ സഹതാരമായ വിരാട് കോഹ്ലിയോട് ഐ.പി.എൽ മത്സരത്തിനിടയിലും പിന്നീട് വർഷങ്ങൾക്ക് ശേഷം ലഖ്നോ സൂപ്പർ ജയന്റ്സിന്‍റെ മെന്‍റർ ആയിരുന്നപ്പോഴും ഗംഭീർ കൊമ്പുകോർത്തിട്ടുണ്ട്.
നിലവിൽ ഗംഭീറിന്‍റെ കീഴിൽ ആദ്യ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പര സെപ്റ്റംബർ 19ന് ആരംഭിക്കും. ഗംഭീർ കോച്ചായതിന് ശേഷമുള്ള ആദ്യ പരമ്പരയിൽ ശ്രീലങ്കക്കെതിരെ ട്വന്‍റി-20 ഇന്ത്യ നേടിയപ്പോൾ ഏകദിന പരമ്പര തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.