'സഞ്ജു നന്നായി കളിക്കണം കാരണം ഗംഭീർ പണ്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്'; സഞ്ജുവിന് പിന്തുണയുമായി ആകാശ് ചോപ്ര
text_fieldsഇന്ത്യ-ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 128 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 12ാം ഓവറിൽ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ബാറ്റർമാരെല്ലാം ആക്രമിച്ച് ബാറ്റ് ചെയ്ത മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയത് സഞ്ജു സാംസൺ, അഭിഷേക് ഷർമ എന്നിവരാണ്. അഭിഷേക് ഏഴ് പന്തിൽ നിന്നും 16 റൺസെടുത്തപ്പോൾ പുതിയ റോളായ ഓപ്പണിങ്ങിലെത്തിയ സഞ്ജു 19 പന്തിൽ നിന്നും 29 റൺസ് നേടി പുറത്തായി. ആറ് ഫോറടങ്ങിയതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്.
താരത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. സഞ്ജുവിന്‍റെ ഇന്നിങ്സിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര. മികച്ച ടച്ചിലാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഗംഭീർ ആഗ്രഹിക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു.
'നമ്മൾ സഞ്ജു സാംസണെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. അഭിഷേക് ഷർമ റണ്ണൗട്ടാകുന്നത് വരെ മികച്ച രീതിയിൽ കളിച്ചിരുന്നു. എന്നാൽ സഞ്ജു എന്ത് മനോഹരമായാണ് കളിച്ചത്. സഞ്ജു ഇന്ത്യക്ക് വേണ്ടി കളിക്കുന്നില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന്‍റെ നഷ്ടമാണെന്ന് ഗംഭീർ കുറെ കാലം മുമ്പ് പറഞ്ഞിരുന്നു. അവനെ ഓപ്പണിങ്ങിൽ അയക്കുകയായിരുന്നു. വളരെ സ്മൂത്തായിട്ടുള്ള മികച്ച ഷോട്ടുകൾ കളിക്കുന്നത് കണ്ടു. അവൻ ബൗളിനെ അടിച്ച് അകറ്റുകയല്ല ചെയ്തത്. അവന് ബോളിനെ വേദനിപ്പിക്കാൻ താത്പര്യമില്ലായിരുന്നു പകരം അതിനെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുകയായിരുന്നു.
അവൻ നന്നായി കളിച്ചു, 29 റൺസ് നേടി. എന്നാൽ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് സഞ്ജു കുറച്ചുകൂടി മുന്നേറണം അവൻ കുറച്ചുകൂടി സ്കോർ ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ ഡ്രോപ്പ് ചെയ്യും. പിന്നീട് അകത്തും പുറത്തുമായി ടീമിനകത്ത് ടോപ് ഓർഡർ മിഡിൽ ഓർഡർ എന്നിവടങ്ങളിലേക്ക് സഞ്ജുവിനെ മാറ്റിക്കൊണ്ടിരിക്കും,' ചോപ്ര പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ട്വന്‍റി-20 മത്സരം ഒക്ടോബർ ഒമ്പതിന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.