ക്രിക്കറ്റ് കുറ്റകൃത്യമായി കണ്ട നാട്ടിൽ രഹസ്യമായി കളിച്ചുവളർന്ന പയ്യൻ! ആകാശ് ദീപ് -ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം
text_fieldsറാഞ്ചി: ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം രാജകീയമാക്കാനായതിന്‍റെ സന്തോഷത്തിലാണ് ആകാശ് ദീപ്. ഇംഗ്ലണ്ടിന്‍റെ ആദ്യത്തെ മൂന്നു മുൻനിര ബാറ്റർമാരെ പുറത്താക്കിയാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ വരവറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ താരം കൂടിയാണ് ബിഹാറിൽനിന്നുള്ള പേസർ ആകാശ്.
റാഞ്ചി ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചതോടെയാണ് താരത്തിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്. മുഹമ്മദ് സിറാജിനൊപ്പം സ്പെൽ ഓപ്പൺ ചെയ്ത ആകാശ്, മൂന്നു മുൻനിര ബാറ്റർമാരെയും മടക്കി ഇംഗ്ലണ്ടിനെ ആദ്യ സെഷനിൽതന്നെ പ്രതിരോധത്തിലാക്കി. ബെൻ ഡക്കറ്റ്, ഒലി പോപ്പ്, സാക് ക്രൗലി എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വഴിയൊരുക്കിയത്. ബിഹാറിലെ സസാറാമിൽ സ്പോർട്സ് പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിലാണ് ജനിക്കുന്നത്. ചെറുപ്പത്തിൽതന്നെ ആകാശ് ക്രിക്കറ്റ് കളിക്കുന്നത് കുടുംബം എതിർത്തിരുന്നു. താൻ ക്രിക്കറ്റ് കളിക്കുന്നത് പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് താരം തുറന്നുപറഞ്ഞിരുന്നു. ‘ക്രിക്കറ്റ് കളിക്കുന്നത് ഒരു കുറ്റകൃത്യമായിരുന്നു... പക്ഷെ ഞാൻ അവരെ കുറ്റപ്പെടുത്തില്ല... ഞാൻ വരുന്ന പരിസരങ്ങളിലൊന്നും ക്രിക്കറ്റ് കളിക്കുന്നവർക്ക് ശോഭനമായ ഒരു ഭാവിയുണ്ടായിരുന്നില്ല’ -ആകാശ് വ്യക്തമാക്കി.
സർക്കാർ പരീക്ഷകൾ എഴുതി മകൻ സ്ഥിരതയുള്ള ഒരു ജോലി നേടണം എന്നതായിരുന്നു പിതാവിന്‍റെ ആഗ്രഹം. അതുകൊണ്ടുതന്നെ ക്രിക്കറ്റിനോടുള്ള താരത്തിന്‍റെ അഭിനിവേശത്തെ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ആകാശിനൊപ്പം കൂട്ടുകൂടരുതെന്നുവരെ അന്നാട്ടിലെ രക്ഷിതാക്കൾ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്രിക്കറ്റ് മാത്രം കളിച്ചുനടക്കുന്ന പയ്യനൊപ്പം നടന്നാൽ തങ്ങളുടെ കുട്ടികളുടെ പഠനവും അവതാളത്തിലാകുമെന്ന ഭയം അവരെ അലട്ടിയിരുന്നു. എന്നാലും തന്‍റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം ആകാശിന് ഉപേക്ഷിക്കാനായില്ല. വളരെ രഹസ്യമായാണ് അന്നെല്ലാം താരം ക്രിക്കറ്റ് കളിച്ചിരുന്നത്.
ക്രിക്കറ്റ് ഉപേക്ഷിച്ച മൂന്നു വർഷം
പിതാവിന്‍റെയും കുടുംബാംഗങ്ങളുടെയും എതിർപ്പിനിടയിലും ക്രിക്കറ്റിനോടുള്ള ഇഷ്ടം കൈവിടാൻ താരം തയാറായിരുന്നില്ല. കുടുംബത്തിൽനിന്ന് ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ആകാശ്, ജോലി കണ്ടെത്താനെന്ന വ്യാജേന പശ്ചിമ ബംഗാളിലെ ദുർഗാപൂരിലേക്ക് പോയി. അമ്മാവന്‍റെ പിന്തുണ താരത്തിനുണ്ടായിരുന്നു. പിന്നാലെ ദുർഗാപൂരിലെ ഒരു പ്രദേശിക ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. താരത്തിന്‍റെ ബൗളിങ് വേഗത ഏവരെയും അദ്ഭുതപ്പെടുത്തി.
ഇതിനിടെയാണ് പിതാവിനെയും സഹോദരനെയും മരണം കൊണ്ടുപോകുന്നത്. ഹൃദയാഘത്തെ തുടർന്നാണ് പിതാവ് മരിക്കുന്നത്. രണ്ടുമാസം കഴിഞ്ഞ് മൂത്ത സഹോദരനും മരിച്ചു. ഇതോടെ കുടുംബത്തിന്‍റെ ഉപജീവന മാർഗവും നിലച്ചു. ഒടുവിൽ കുടുംബ ബാധ്യത ആകാശിന്‍റെ ഉത്തരവാദിത്വമായി. ക്രിക്കറ്റ് താൽക്കാലികമായി നിർത്തിവെച്ചു. മൂന്നു വർഷത്തോളം കുടുംബത്തിനായി ജീവിക്കുകയായിരുന്നു. അപ്പോഴും താരത്തിന്‍റെ മനസ്സിൽ ക്രിക്കറ്റ് മാത്രമായിരുന്നു. ഒടുവിൽ ദുർഗാപൂരിലേക്ക് തന്നെ മടങ്ങിപോയി.
അവിടുന്ന് കൊൽക്കത്തിയിലെത്തിയ ആകാശ്, ബന്ധുവിനൊപ്പം ഒരു ചെറിയൊരു മുറി വാടകക്കെടുത്ത് താമസമാക്കി. ബംഗാൾ അണ്ടർ -23 ടീമിനൊപ്പം ചേർന്നു. 2019ൽ ബംഗാളിനായി രഞ്ജിയിൽ അരങ്ങേറ്റം. രഞ്ജിയിലെ തകർപ്പൻ ബൗളിങ് താരത്തെ ഐ.പി.എല്ലിൽ എത്തിച്ചു. 2021 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമാണ് താരത്തെ സ്വന്തമാക്കിയത്. 2022 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെത്തി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 29 മത്സരങ്ങളിൽനിന്നായി 103 വിക്കറ്റുകളാണ് താരം നേടിയത്. ഒടുവിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം. ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡാണ് താരത്തിന് ടെസ്റ്റ് ക്യാപ് നല്‍കിയത്. പിന്നാലെ മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് പരസ്പരം ആശ്ലേഷിച്ച് വികാരനിര്‍ഭരമായ നിമിഷം പങ്കുവെച്ചാണ് താരം കളിക്കാനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.