'അവർ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു, എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചു'; ഇന്ത്യ-പാക് മത്സരത്തിനിടെ ഡ്രസിങ് റൂമിലെ ഓർമകൾ പങ്കുവെച്ച് വാസിം അക്രം
text_fieldsഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഞായറാഴ്ചയാണ് മത്സരം. കഴിഞ്ഞവർഷം നടന്ന ട്വന്‍റി20 ലോകകപ്പിനുശേഷം ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടുന്നത് ആദ്യം.
അന്ന് ഗ്രൂപ്പ് ഘടത്തിൽ ബാബർ അസമിന്‍റെ സംഘം പത്തു വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. രാഷ്ട്രീയ കാരണങ്ങളാൽ ഇരുടീമുകളുടെയും മത്സരത്തിന്‍റെ ആവേശം ഗാലറിയിലും പ്രകടമാവും. ഇതിനിടെയാണ് പാകിസ്താൻ ബൗളിങ് ഇതിഹാസം വാസിം അക്രം ഷാർജയിൽ ഓസ്ട്രൽ-ഏഷ്യ കപ്പിന്‍റെ ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നതിനിടെ ഉണ്ടായ ഡ്രസിങ് മുറിയിലെ രസകമായ സംഭവം ഓർത്തെടുക്കുന്നത്.
മത്സരത്തിൽ അവസാന പന്തിൽ നാലു റൺസാണ് പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിലുള്ളത് ബാറ്റിങ് ഇതിഹാസം ജാവേജ് മിയാൻദാദ്. പിന്നാലെ ചേതൻ ശർമയുടെ ഫുൾടോസ് പന്ത് മിയാൻദാദ് ബാറ്റുകൊണ്ട് കോരി ഗാലറിയിലെത്തിച്ചു. ഐതിഹാസിക പ്രകടനത്തിൽ പാകിസ്താന് ഒരു വിക്കറ്റ് വിജയം. ഇന്ത്യൻ ക്രിക്കറ്റിൽ ഇന്നും നീറുന്ന വേദനയായി ആ സിക്സ് അവശേഷിക്കുന്നു.
അന്നത്തെ ഇന്ത്യൻ നായകൻ കപിൽ ദേവുമായുള്ള സംഭാഷണത്തിനിടെയാണ് അക്രം രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഫൈനലിലുടനീളം പാകിസ്താൻ ക്യാമ്പ് വലിയ സമർദത്തിലായിരുന്നു. ടീമിന്‍റെ യുവ താരങ്ങളായ സക്കീർ ഖാനും മുഹ്സിൻ കമാലും കരയുക പോലും ചെയ്തു.
'മത്സരത്തിൽ ഞാൻ റൺ ഔട്ടായത് ഓർക്കുന്നു. തൗസീഫ് അഹമ്മദ് സിംഗ്ൾ എടുത്തതോടെ മിയാൻദാദ് ക്രീസിലെത്തി. ഡ്രസിങ് മുറിയിൽ യുവ താരമായ എന്നോടൊപ്പം മറ്റു യുവ താരങ്ങളായ സക്കീർ ഖാനും മുഹ്സിൻ കമാലും ഉണ്ട്. അവർ ആ മത്സരം കളിക്കുന്നില്ലെങ്കിലും നിർത്താതെ കരയുകയായിരുന്നു. ഞാൻ അവരോട് ചോദിച്ചു, നിങ്ങൾ എന്തിനാണ് കരയുന്നത്?' -അക്രം പറഞ്ഞു.
ഈ മത്സരം നമുക്ക് ജയിക്കണം എന്നായിരുന്നു താരങ്ങളുടെ മറുപടി. കരച്ചിലിന് മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുമെങ്കിൽ ഞാനും നിങ്ങളോടൊപ്പം കരയുമായിരുന്നുവെന്നും ജാവേദ് ഭായ് നമുക്ക് പ്രതീക്ഷ നൽകുമെന്നും അക്രം പ്രതികരിച്ചു. ആ സിക്സർ ഇന്ത്യൻ താരങ്ങളുടെ മേൽ ഏൽപ്പിച്ച ആഘാതം ആഴത്തിലുള്ളതാണെന്ന് കപിലും പറയുന്നു. ആ മത്സരത്തിലെ തോൽവി ഓർക്കുമ്പോഴെല്ലാം ഉറക്കം വരാറിലെന്നും താരം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.