ജയ് ഷാ ഐ.സി.സിയുടെ തലപ്പത്തേക്ക് ? മൂന്നാമൂഴത്തിനില്ലെന്ന് നിലവിലെ ചെയർമാൻ
text_fieldsമുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനാകുമെന്ന് അഭ്യൂഹം. നിലവിലെ ഐ.സി.സി ചെയർമാൻ ഗ്രെക് ബാർക്ലേ മൂന്നാമൂഴത്തിനില്ലെന്ന് അറിയിച്ചതോടെയാണ് ജയ് ഷാ ഐ.സി.സി ചെയർമാനാകുമെന്ന അഭ്യൂഹം ശക്തമായത്. നവംബർ 30നാണ് ബാർക്ലേയുടെ കാലാവധി പൂർത്തിയാകുന്നത്.
ആഗസ്റ്റ് 27നാണ് ഐ.സി.സി ചെയർമാനാകാനുള്ള നോമിനേഷനുകൾ നിർദേശിക്കാനുള്ള അവസാന തീയതി. ക്രിക്കറ്റ് സംഘടനയുടെ തലപ്പത്തേക്ക് വരാൻ ജയ് ഷാക്ക് താൽപര്യമുണ്ടെന്നാണ് വിവരം.
രണ്ട് വർഷം വീതമുള്ള മൂന്ന് ടേമുകളിലായി ആറ് വർഷം ഒരാൾക്ക് ഐ.സി.സി ചെയർമാനായി തുടരാനാവും. നിലവിലെ ചെയർമാൻ നാല് വർഷമാണ് സംഘടനയുടെ തലപ്പത്തിരുന്നത്. ഇതുപ്രകാരം ഒരിക്കൽ കൂടി അദ്ദേഹത്തിന് തുടരാനാകും. എന്നാൽ, മൂന്നാമൂഴത്തിനല്ലെന്ന് ഗ്രെക് ബാർക്ലേ അറിയിക്കുകയായിരുന്നു.
ഐ.സി.സിയുടെ ഡയറക്ടർമാരായിരിക്കും പുതിയ ചെയർമാനാകേണ്ട ആളിന്റെ പേരുകൾ നിർദേശിക്കുക. ഒന്നിലധികം പേരുകൾ വന്നാൽ വോട്ടെടുപ്പ് നടത്തും. ഒമ്പത് വോട്ടുകൾ നേടിയ ആളായിരിക്കും തെരഞ്ഞെടുപ്പിൽ വിജയിക്കുക. ഡിസംബർ ഒന്നിനാണ് പുതിയ ചെയർമാന്റെ കാലാവധി തുടങ്ങുക.
ഐ.സി.സി ഡയറക്ടർ ബോർഡിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ജയ് ഷാ. നിലവിൽ ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് സബ് കമിറ്റി തലവനാണ് ജയ് ഷാ. അതേസമയം, ജയ് ഷാക്ക് ബി.സി.സി.ഐയിൽ നാല് വർഷത്തെ കാലാവധി കൂടി ബാക്കിയുണ്ട്.
ജയ് ഷാ സംഘടനയുടെ തലപ്പത്തെത്തിയാൽ ഐ.സി.സിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാകും അദ്ദേഹം. ഇതിന് മുമ്പ് ജഗ്മോഹൻ ഡാൽമിയ, ശരത് പവാർ, എൻ.ശ്രീനിവാസാൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഐ.സി.സിയുടെ ചെയർമാൻ പദവിയിലെത്തിയ ഇന്ത്യക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.