അതിശയമായി അശുതോഷ്; പിറന്നത് ഐ.പി.എൽ ചരിത്രത്തിലെ അപൂർവ റെക്കോഡ്
text_fieldsമൊഹാലി: മുംബൈ ഇന്ത്യൻസിനെതിരായ ഐ.പി.എൽ പോരാട്ടത്തിലെ അതിശയപ്രകടനത്തിന് പിന്നാലെ പഞ്ചാബ് താരം അശുതോഷ് ശർമയെ തേടിയെത്തി അപൂർവ റെക്കോഡ്. ആദ്യ ഐ.പി.എൽ സീസണിനെത്തിയ അശുതോഷിന്റെ പ്രഥമ അർധസെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. ഇതോടെ സമാനതകളില്ലാത്ത നേട്ടമാണ് 25കാരൻ സ്വന്തമാക്കിയത്. എട്ടാമതോ അതിന് ശേഷമോ ഇറങ്ങി ഒരു സീസണിൽ 150 റൺസിലധികം നേടുന്ന ആദ്യ താരമായി അശുതോഷ്. കഴിഞ്ഞ സീസണിൽ 115 റൺസ് നേടിയ റാഷിദ് ഖാൻ ആയിരുന്നു അവസാന സ്ഥാനക്കാരിൽ ഒരാളായെത്തി സീസണിൽ 100 കടന്ന ആദ്യ താരം. അശുതോഷിന്റേത് ഇതിനകം 156 റൺസിലെത്തി. 52 റൺസ് ശരാശരിയുള്ള താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 205.26 ആണ്.
ഐ.പി.എൽ ചരിത്രത്തിൽ എട്ടാമതോ അതിന് ശേഷമോ ഇറങ്ങി അർധസെഞ്ച്വറി തികക്കുന്ന ആറാമത്തെ മാത്രം ബാറ്ററാണ് അശുതോഷ്. റാഷിദ് ഖാൻ, പാറ്റ് കമ്മിൻസ്, ആന്ദ്രെ റസ്സൽ, ഹർഭജൻ സിങ്, ക്രിസ് മോറിസ് എന്നിവരാണ് ഇതിന് മുമ്പ് അർധസെഞ്ച്വറിയിലെത്തിയവർ. കഴിഞ്ഞ സീസണിൽ 32 പന്തിൽ പുറത്താവാതെ 79 റൺസെടുത്ത റാഷിദ് ഖാനാണ് ഇതിൽ മുമ്പിൽ.
പഞ്ചാബ് തോൽവി ഉറപ്പിച്ചുനിൽക്കെ എട്ടാമനായെത്തി 28 പന്തിൽ ഏഴ് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുമടക്കം 61 റൺസടിച്ച് ടീമിനെ വിജയത്തോടടുപ്പിച്ച അശുതോഷിനെ ജെറാർഡ് കോയറ്റ്സിയുടെ പന്തിൽ മുഹമ്മദ് നബി പിടികൂടുകയായിരുന്നു. അപ്പോൾ ജയിക്കാൻ പഞ്ചാബിന് വേണ്ടിയിരുന്നത് 17 പന്തിൽ 25 റൺസ് മാത്രമായിരുന്നു. എന്നാൽ, അശുതോഷ് പുറത്തായതോടെ പരാജയമുറപ്പിച്ച പഞ്ചാബ് ജയത്തിന് ഒമ്പത് റൺസകലെ കീഴടങ്ങുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാർ യാദവിന്റെ അർധസെഞ്ച്വറിയുടെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് അടിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അഞ്ച് പന്ത് ബാക്കിനിൽക്കെ 183 റൺസിന് പുറത്താവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.