വൻമോഹം ബാക്കി; മതിലൊഴിയുന്നു
text_fieldsന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീമിനെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കുകാരാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പരിശീലകൻ രാഹുൽ ദ്രാവിഡ് പടിയിറങ്ങാനൊരുങ്ങുന്നു. 2021 നവംബറിൽ സ്ഥാനമേറ്റെടുത്ത ദ്രാവിഡിന്റെ കരാർ കാലാവധി ഏകദിന ലോകകപ്പോടെ പൂർത്തിയായി.
കരാർ പുതുക്കേണ്ടതില്ലെന്ന് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാനമൊഴിഞ്ഞാൽ നിലവിൽ താൽക്കാലിക പരിശീലകനായ വി.വി.എസ് ലക്ഷ്മണിന് പൂർണ ചുമതല നൽകാനാണ് ആലോചന. ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ദ്രാവിഡിന്റെ മടക്കം.
രവി ശാസ്ത്രിയുടെ കരാര് അവസാനിച്ചതിന് പിന്നാലെയാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായെത്തുന്നത്. ട്വന്റി20 ലോകകപ്പിന് ശേഷമായിരുന്നു ശാസ്ത്രിയുടെ പിൻവാങ്ങൽ. ഒരു പ്രധാന കിരീടത്തിനായി പക്ഷേ, 2023 വരെ കാത്തിരിക്കേണ്ടി വന്നു.
2022ലെ ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിലും ഏഷ്യ കപ്പിൽ സൂപ്പർ ഫോറിലും ഇന്ത്യ പുറത്തായി. തുടർച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്തിയെങ്കിലും വീണ്ടും റണ്ണറപ്പായി. 2023ലെ ഏഷ്യ കപ്പ് കിരീടമാണ് ദ്രാവിഡിന്റെ പ്രധാന നേട്ടം. ഐ.സി.സി കിരീടങ്ങൾ ഇന്ത്യക്ക് കിട്ടാക്കനിയായിട്ട് വർഷങ്ങളായി.
ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരാൻ ദ്രാവിഡിന് കഴിഞ്ഞില്ലെങ്കിലും ടീമെന്ന നിലയിൽ ഇന്ത്യക്ക് ഒത്തിണക്കവും കരുത്തും പ്രധാനം ചെയ്തതാണ് ഹൈലൈറ്റ്. ശുഭ്മൻ ഗില്ലടക്കമുള്ള യുവതാരങ്ങളെ കണ്ടെത്തുന്നതിലും ടീമിന്റെ ഭാവി ശോഭനമാക്കുന്നതിലും ഈ പരിശീലകൻ വഹിച്ച പങ്ക് ചെറുതല്ല. കെ.എൽ. രാഹുലിനെപ്പോലുള്ളവരിൽ ദ്രാവിഡ് അർപ്പിച്ച വിശ്വാസം കാലം ശരിവെച്ചു.
പരിശീലകനെന്ന നിലയിൽ ടെസ്റ്റിൽ 50 ശതമാനത്തിന് മുകളിലും ഏകദിനത്തിലും ട്വന്റി20യിലും 70 ശതമാനത്തിനരികിലുമാണ് ദ്രാവിഡിന്റെ വിജയ ശതമാനം.
മൂന്ന് ലോകകപ്പുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ബാറ്ററാണ് ദ്രാവിഡ്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിനിന്നിട്ടും 1996ലെ ലോകകപ്പ് സംഘത്തിൽ ഇടംലഭിച്ചില്ല. 1999ൽ അവസരം കിട്ടിയ താരം ഇന്ത്യ സെമി ഫൈനൽ പോലും കാണാതെ പുറത്തായെങ്കിലും ടോപ് സ്കോററായാണ് മടങ്ങിയത്.
2003ൽ ദ്രാവിഡ് ഉൾപ്പെട്ട ടീം ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കിരീടം ലഭിച്ചില്ല. 2007ൽ ഇന്ത്യയുടെ ലോകകപ്പ് സംഘത്തെ നയിച്ചത് ദ്രാവിഡ്. പക്ഷേ, ദയനീയ പ്രകടനമായിരുന്നു ടീമിന്റെത്. 2011ൽ ഇന്ത്യ കിരീടം നേടിയെങ്കിലും അപ്പോഴേക്ക് വൻമതിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലിയിരുന്നു.
താരമായും നായകനായുമൊന്നും സാധിക്കാതെ പോയ സൗഭാഗ്യമാണ് പരിശീലകക്കുപ്പായത്തിൽ ദ്രാവിഡിനെ കാത്തിരുന്നത്. തുടർച്ചയായ പത്ത് ജയങ്ങൾക്കൊടുവിൽ പക്ഷേ, ഫൈനലിൽ ആസ്ട്രേലിയയോട് തോൽവി. 2018ൽ ദ്രാവിഡ് പരിശീലകനായിരിക്കെ ഇന്ത്യ അണ്ടർ 19 ലോകകിരീടം നേടിയിരുന്നു.
ദ്രാവിഡിന് കീഴിൽ ഇന്ത്യ പ്രധാന നേട്ടങ്ങൾ
അണ്ടർ 19 കോച്ച് (2016-19)
◆2016 ലോകകപ്പ് റണ്ണറപ്പ്
◆2018 ലോകകപ്പ് കിരീടം
സീനിയർ ടീം കോച്ച് (2021-23)
◆മൂന്ന് ഫോർമാറ്റിലും ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഒന്നാം റാങ്ക്
◆2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് റണ്ണറപ്പ്
◆2023 ഏഷ്യ കപ്പ് കിരീടം
◆2023 ഏകദിന ലോകകപ്പ് റണ്ണറപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.