ആറിൽ ആറും സിക്സർ; ഗിബ്സിന് ശേഷം ഏകദിനത്തിൽ നേട്ടം സ്വന്തമാക്കി അമേരിക്കക്കാരൻ
text_fieldsമസ്കറ്റ്: ഓവറിലെ ആറുപന്തും സിക്സർ പറത്തിയ താരങ്ങളുടെ ക്ലബിൽ അമേരിക്കൻ താരം ജസ്കരൺ മൽഹോത്ര ഇടം നേടി. ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സിനു ശേഷം അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഓവറിൽ ആറ് സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരമായി അമേരിക്കൻ ബാറ്റ്സ്മാൻ.
ഒമാനിൽ നടന്ന മത്സരത്തിൽ പാപുവ ന്യൂഗിനിയയുടെ ഗൗഡി ടോക്കയാണ് തല്ല് ഏറ്റുവാങ്ങിയത്. 124 പന്തിൽ നാല് ബൗണ്ടറികളും 16 സിക്സറുകളുമടക്കം പുറത്താകാതെ 173 റൺസാണ് മൽഹോത്ര വാരിക്കൂട്ടിയത്.
ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ അമേരിക്കൻ താരമെന്ന റെക്കോഡും ഇന്ത്യൻ വംശജൻ സ്വന്തമാക്കി. ഏകദിനത്തിൽ അഞ്ചാം നമ്പർ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സിനെയാണ് (162) മറികടന്നത്.
മൽഹോത്രയുടെ ഇന്നിങ്സിന്‍റെ ബലത്തിൽ അമേരിക്ക 50 ഓവറിൽ 279 റൺസ് എടുത്തു. 134 റൺസിന്‍റെ കൂറ്റൻ വിജയമാണ് അമേരിക്ക സ്വന്തമാക്കിയത്. 2019ൽ ഏകദിന പദവി ലഭിച്ച അമേരിക്ക തിങ്കളാഴ്ചയാണ് അവരുടെ ആദ്യ വിജയം സ്വന്തമാക്കിയത്.
ഗിബ്സിനും (2007- ദക്ഷിണാഫ്രിക്ക vs നെതർലൻഡ്സ്) ഇന്ത്യൻ താരം യുവരാജ് സിങ്ങിനും (2007-ഇന്ത്യ vs ഇംഗ്ലണ്ട്) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓവറിൽ ആറ് സിക്സ് അടിക്കുന്ന മൂന്നാമത്തെ താരമായി വെസ്റ്റിൻഡീസിന്‍റെ കീറൺ പൊള്ളാർഡ് അടുത്തിടെ മാറിയിരുന്നു. ഈ മാർച്ചിൽ ശ്രീലങ്കക്കെതിരെയായിരുന്നു പൊള്ളാർഡിന്‍റെ വെടിക്കെട്ട്. ക്രിക്കറ്റിൽ ഓവറിലെ ആറ് പന്തും സിക്സർ പറത്തുന്ന പത്താമത്തെ താരമാണ് മൽഹോത്ര.
ക്രിക്കറ്റിൽ ഓവറിലെ 6 പന്തും 6 അടിച്ച താരങ്ങൾ
ഗാരി സോബേഴ്സ് (1968- നോട്ടിങ്ഹാം vs ഗ്ലമോർഗൻ), രവി ശാസ്ത്രി (1985-ബോംബെ vs ബറോഡ), റോസ് വൈറ്റ്ലി (2017 വോർസസ്റ്റർഷെയർ vs യോർക്ഷെയർ), ഹസ്റത്തുല്ല സസായ് (2018 -കാബൂൾ സ്വനാൻ vs ബാൾക്ക് ലെജൻഡ്സ്), ലിയോ കാർട്ടർ (2020- കാന്‍റർബറി vs നോർതേൺ ഡിസ്ട്രിക്ട്സ്), തിസര പെരേര (2021-ആർമി സ്പോർട്സ് ക്ലബ് vs ബ്ലൂംഫീൽഡ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.