അമിത് മിശ്രയുടെ കൊയ്ത്തുകാലം
text_fieldsചെന്നൈ: ഐ.പി.എല്ലിലെ നിശ്ശബ്ദനായ വിക്കറ്റ് വേട്ടക്കാരനാണ് അമിത് മിശ്ര. പ്രഥമ സീസൺ മുതൽ ടൂർണമെൻറിെൻറ ഭാഗമായുണ്ട്. ഇടക്ക് മിന്നിത്തെളിഞ്ഞും, ശേഷം നിഴലിലേക്ക് മാറിയും വീണ്ടുമെത്തി പ്രകാശം പരത്തുകയും ചെയ്യുന്ന കരിയറുമായി മിശ്രക്കിത് 14ാം സീസൺ.
ലെഗ് സ്പിന്നിലൂടെ എതിരാളികളെ കശക്കിയെറിയുന്ന ഹരിയാനക്കാരൻ വീണ്ടും ആരാധകരുടെ മനസ്സിലേക്ക് ഗൂഗ്ലി എറിഞ്ഞ ദിനമായിരുന്നു ചൊവ്വാഴ്ച. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹിക്ക് ആറു വിക്കറ്റ് ജയം ഒരുക്കിക്കൊടുത്ത മാസ്മരിക പ്രകടനവുമായാണ് മിശ്ര വീണ്ടുമൊരിക്കൽ തെളിഞ്ഞു പ്രകാശിച്ചത്.
ഒമ്പതിന് 139 എന്ന നിലയിലേക്ക് മുംബൈ തകർന്നപ്പോൾ നാലുവിക്കറ്റും വീഴ്ത്തി സീനിയർ ഇന്ത്യൻ താരം കളിയിലെ കേമനായി. വീഴ്ത്തിയ വിക്കറ്റുകളെല്ലാം പൊന്നിൻ വിലയുള്ളത്. രോഹിത് ശർമ (44), ഇഷാൻ കിഷൻ (26), കീറൺ പൊള്ളാർഡ് (2), ഹാർദിക് പാണ്ഡ്യ (0). നാല് ഓവറിൽ 24 റൺസ് വഴങ്ങി കളിയിലെ കേമനായി. മത്സരത്തിൽ 19.1 ഓവറിൽ ലക്ഷ്യം കണ്ടാണ് ഡൽഹി ജയം ഉറപ്പിച്ചത്.
2020 യു.എ.ഇയിൽ നടന്ന സീസണിൽ മൂന്ന് മത്സരം കളിച്ചതിനു പിന്നാലെ വിരലിലെ പരിക്കുമായി നാട്ടിലേക്ക് മടങ്ങിയതായിരുന്നു താരം. തുടർന്ന് കളത്തിലിറങ്ങുന്നത് ഈ സീസണിൽ. ആദ്യ മത്സരത്തിൽ തന്നെ ടീമിൽ ഇടം പിടിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ചൊവ്വാഴ്ചത്തേത് രണ്ടാം അങ്കം.
ലസിത് മലിംഗ 170; അമിത് മിശ്ര 164
ഐ.പി.എൽ വിക്കറ്റ് വേട്ടയിൽ ലസിത് മലിംഗയുടെ (170) റെക്കോഡിൽനിന്നും ആറു വിക്കറ്റ് മാത്രം അകലെയുണ്ട് അമിത് മിശ്ര. 14 സീസണിലും ടൂർണമെൻറിലുണ്ടെങ്കിലും മിശ്ര ഇതുവരെ വിക്കറ്റ് വേട്ടക്കാരനുള്ള പർപ്ൾകാപ് അണിഞ്ഞിട്ടില്ല. എന്നാൽ, കാര്യങ്ങൾ സുഗമമായാൽ ഈ സീസണിൽ തന്നെ താരം മലിംഗയെ മറികടന്ന് എക്കാലത്തെും പൾപ്ൾ ക്യാപുകാരനാവാം.
'നിലവിൽ പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല. ലസിത് മലിംഗയുടെ െറക്കോഡ് മറികടക്കുകയെന്നത് ലക്ഷ്യമല്ല. എന്നാൽ, ആ നാഴികക്കല്ല് എളുപ്പം മറികടക്കുകയാണെങ്കിൽ സന്തോഷം. ടീമിനെ ജയിപ്പിക്കാനുള്ള പ്രകടനമാണ് ലക്ഷ്യം' -അമിത് മിശ്ര പറയുന്നു. ഇന്ത്യൻ കുപ്പായത്തിൽ 36 ഏകദിനവും, 22 ടെസ്റ്റും എട്ട് ട്വൻറി20യും കളിച്ച മിശ്ര 2017 ഫെബ്രുവരിയിലാണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.