'ഉറപ്പാണ് ഇന്ത്യ'; പ്രതീക്ഷകളും ഉറപ്പുകളും ബാക്കിവെച്ച് ഇംഗ്ലീഷ് പരമ്പര
text_fieldsഇന്ത്യൻ ജഴ്സിയണിഞ്ഞതിെൻറ തരിപ്പ് മാറാത്ത ഒരു പറ്റം യുവതാരങ്ങളെയും നെറ്റ്സിൽ പന്തെറിയാനെത്തിയവരെയും കൂട്ടിക്കെട്ടി ആസ്ട്രേലിയൻ തീരങ്ങളിൽ ഐതിഹാസിക വിജയം കൊയ്തതിെൻറ ആരവങ്ങളടങ്ങും മുമ്പാണ് ഇംഗ്ലീഷ് പരീക്ഷയെത്തിയത്.
സ്വന്തം ഗ്രൗണ്ടിെൻറ ആനുകൂല്യവും നായകൻ വിരാട് കോഹ്ലിയുടെയും പരിക്കേറ്റ താരങ്ങളുടെയും മടങ്ങിവരവുമായതോടെ ഇന്ത്യ സർവ സജ്ജരായാണ് ഇംഗ്ലണ്ടിനെ വരവേറ്റത്. വർത്തമാന ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകൾ മുഖാമുഖം വന്നപ്പോൾ ആർക്കാണ് മൂപ്പുകൂടുതലെന്നായിരുന്നു ചോദ്യം.
പരമ്പരാഗത രൂപമായ ടെസ്റ്റ് ക്രിക്കറ്റിെൻറ ഗൃഹാതുരതകളിൽ മുങ്ങിനിവർന്നിരുന്ന ഇംഗ്ലീഷ് സംഘം സമീപവർഷങ്ങളിൽ വെളുത്ത പന്തിലാണ് കൂടുതൽ നേട്ടംകൊയ്യുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ്പരമ്പരയിൽ ഇന്ത്യയുടെ ഏകപക്ഷീയ വിജയവും ഏകദിനത്തിലും ട്വൻറി20യിലും ഇഞ്ചോടിഞ്ചുമായിരുന്നു പ്രവചനം.
എന്നാൽ, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ 227 റൺസിന് അട്ടിമറിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്്. അതോടെ ആസ്ട്രേലിയയിൽ നായകനായി അത്ഭുതങ്ങൾ വിരിയിച്ച രഹാനെക്കായി മുറവിളികൾ ഉയർന്നു. എന്നാൽ, ഉണർന്നെണീറ്റ ഇന്ത്യക്കുമുന്നിൽ പിന്നീടുള്ള ടെസ്റ്റുകളിൽ ഇംഗ്ലീഷ് ബാറ്റിങ് നിര തകർന്നടിയുന്നതാണ് കണ്ടത്. ചതഞ്ഞരഞ്ഞ പിച്ചുകൾ ബാറ്റ്സ്മാൻമാരുടെ 'രക്തം വീണ്' ചുവന്നു. സ്പിന്നർമാർക്കെതിരെ സാങ്കേതികത്തികവോടെ ബാറ്റ് ചെയ്യാൻ പോന്നവരുടെ അഭാവം ഇരുപക്ഷത്തുമുണ്ടെന്ന് തെളിയിച്ചാണ് ടെസ്റ്റ്പരമ്പര കൊടിയിറങ്ങിയത്.
വെള്ളക്കുപ്പായത്തിൽനിന്നും മാറി കുട്ടി ക്രിക്കറ്റിെൻറ ആരവങ്ങളയുർന്നപ്പോൾ കളിയുടെ രൂപവും മാറി. ട്വൻറി20 പരമ്പര വരാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പരീക്ഷണശാലയായാണ് കോഹ്ലി കണ്ടത്. ബാറ്റിങ് ഓർഡറുകൾ ഓരോ കളിയിലും പസിൽ കണക്കേ മാറ്റുന്ന രീതിക്കെതിരെ വിമർശനങ്ങളുയർന്നെങ്കിലും അന്തിമ വിജയം കോഹ്ലിക്കൊപ്പമായിരുന്നു. രോഹിത് ശർമ, ഇഷാൻ കിഷൻ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ എന്നിവരെ ഓപ്പണിങ്ങിൽ മാറി മാറി പരീക്ഷിച്ച കോഹ്ലി സ്വയം ഓപണറായിറങ്ങിയും വിജയം കണ്ടു. കൊണ്ടുംകൊടുത്തും നീങ്ങിയ ട്വൻറി20 പരമ്പര 3-2നാണ് ഇന്ത്യ നേടിയത്.
ഏകദിന ക്രിക്കറ്റിൽ അതിശക്തരായ ഇംഗ്ലണ്ടിനെ തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ കീഴടക്കി കിരീടം നെഞ്ചോട് ചേർക്കുേമ്പാൾ നായകനെന്നനിലയിൽ കോഹ്ലി കൂടുതൽ കരുത്തനാകുകയാണ്. മൂന്നക്കത്തിലേക്ക് കുതിക്കാനായില്ലെങ്കിലും കോഹ്ലിസം പരമ്പരയിൽ (2-1) പലകുറി കണ്ടു.
ചുവന്ന പന്ത് വഴങ്ങില്ലെന്നതിനുള്ള രോഹിതിെൻറ മറുപടി ആർ. അശ്വിെൻറ അശ്വമേധം, അക്സർപേട്ടലിെൻറ രാജകീയ അരങ്ങേറ്റം, കൂടുതൽ വിശ്വസ്തനാകുന്ന ഋഷഭ് പന്ത്, അരങ്ങേറ്റം ഗംഭീരമാക്കി ഇനിയുമിവിടെയുണ്ടാകുമെന്ന തെളിയിച്ച സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ... എന്നിങ്ങനെ പ്രതീക്ഷകളും ഉറപ്പുകളും ബാക്കിവെച്ചാണ് ഇംഗ്ലീഷ് പരമ്പരക്ക് തിരശ്ശീല വീഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.